Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വജ്രങ്ങള്‍ എന്തിനാണ് വെല്‍വെറ്റ് പെട്ടിയില്‍ സൂക്ഷിക്കുന്നത്? ആഡംബരം മാത്രമാണോ കാരണം?

വജ്രങ്ങള്‍ എന്തിനാണ് വെല്‍വെറ്റ് പെട്ടിയില്‍ സൂക്ഷിക്കുന്നത്? ആഡംബരം മാത്രമാണോ കാരണം?

Reporter 0 months ago

നീല അല്ലെങ്കില്‍ കറുപ്പ് വെല്‍വെറ്റ് ബോക്സ് മെല്ലെ തുറക്കുന്നു… അതില്‍ വെട്ടിത്തിളങ്ങുന്ന ഒരു വജ്രമോതിരം...

മിക്ക ഹോളിവുഡ് സിനിമകളിലെയും പ്രൊപ്പോസല്‍ സീൻ ഇങ്ങനെ ആണ്. തീർന്നില്ല. ജീവിതത്തിലെ പ്രണയാർദ്രമായ നിമിഷങ്ങളിലും ഇതൊരു സ്ഥിരം കാഴ്ചയാണിപ്പോള്‍. ഇത് കാണുന്ന നമ്മുടെ ശ്രദ്ധ ആ വജ്രത്തിലേക്ക് മാത്രമായിരിക്കും. എന്നാല്‍ വജ്രങ്ങള്‍ എപ്പോഴും ഇത്തരം വെല്‍വെറ്റ് ബോക്സുകളില്‍ സൂക്ഷിക്കുന്നത് എന്തിനായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വജ്രത്തിന്റെ ആഡംബര ഭംഗി കൂട്ടാനാണ് ഇത്തരം വെല്‍വെറ്റ് ബോക്സുകളില്‍ സൂക്ഷിക്കുന്നത് എന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. എന്നാല്‍, ഈ പതിവിന് പിന്നില്‍ കേവലം ഭംഗി മാത്രമല്ല, തികച്ചും ശാസ്ത്രീയവും പ്രായോഗികവുമായ ചില കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ ഒന്ന് അന്വേഷിച്ചറിഞ്ഞാലോ?

1.വജ്രത്തിന്റെ സ്വഭാവം

ഭൂമിയിലെ ഏറ്റവും കഠിനമായ പദാർത്ഥമാണ് വജ്രം. ശാസ്ത്രീയമായി പറഞ്ഞാല്‍ ഒരു വസ്തുവിന്റെ കാഠിന്യം നിർണയിക്കാൻ ഉപയോഗിക്കുന്ന 'മോസ് സ്കെയിലില്‍' (Mohs scale) വജ്രത്തിന്റെ കാഠിന്യം പത്തില്‍ പത്താണ്. ഇതിനർത്ഥം വജ്രത്തെ പോറലേല്‍പ്പിക്കാൻ മറ്റൊരു വജ്രത്തിന് മാത്രമേ സാധിക്കൂ എന്ന്. എന്നാല്‍ വജ്രത്തിന്റെ ഈ കടുപ്പം മറ്റുള്ളവയ്ക്ക് വലിയൊരു ഭീഷണിയാണ്. അതായത്, ഒരു പെട്ടിയില്‍ മറ്റ് ആഭരണങ്ങള്‍ക്കൊപ്പം വജ്രം വെയ്ക്കുകയാണെങ്കില്‍, സ്വർണം, പ്ലാറ്റിനം പോലുള്ള ലോഹങ്ങളിലോ മറ്റ് രത്നങ്ങളിലോ വജ്രം ഉരസിയാല്‍ എളുപ്പത്തില്‍ അവയില്‍ പോറലുകള്‍ വീഴും. ചുരുക്കത്തില്‍ രത്നങ്ങളിലെ 'ഡോണ്‍' ആണ് വജ്രം.

ഇവിടെയാണ് വെല്‍വെറ്റ് തുണിയുടെ പ്രസക്തി. വെല്‍വെറ്റിന്റെ കട്ടിയുള്ളതും മൃദുലവുമായ നൂലുകള്‍ വജ്രങ്ങളെയും അതിന്റെ ചെയിനുകളെയും ഒരിടത്ത് തന്നെ ഉറപ്പിച്ചു നിർത്തുന്നു. യാത്രകളിലോ മറ്റോ പെട്ടി കുലുങ്ങിയാലും ആഭരണങ്ങള്‍ പരസ്പരം ഉരസുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ഇല്ല.





2.വെളിച്ചം കൊണ്ടൊരു മായാജാലം

വജ്രങ്ങളുടെ തിളക്കം വർദ്ധിപ്പിക്കാൻ വെല്‍വെറ്റ് ബോക്സുകള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട്. സാധാരണയായി വജ്രങ്ങള്‍ സൂക്ഷിക്കുന്ന പെട്ടികളുടെ ഉള്ളില്‍ കറുപ്പ്, നേവി ബ്ലൂ, അല്ലെങ്കില്‍ കടും പച്ച നിറത്തിലുള്ള വെല്‍വെറ്റ് തുണിയാണ് ഉപയോഗിക്കാറുള്ളത്. ഈ കടും നിറങ്ങളിലുള്ള വെല്‍വെറ്റ് തുണികള്‍ പുറത്തുനിന്നുള്ള വെളിച്ചത്തെ പ്രതിഫലിപ്പിക്കാതെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു (absorb ചെയ്യുന്നു). വജ്രം അടങ്ങിയ പെട്ടി തുറക്കുമ്പോള്‍ പശ്ചാത്തലത്തില്‍ നിന്ന് മറ്റ് വെളിച്ചം കണ്ണിലേക്ക് അടിക്കില്ല. അതുകൊണ്ട് വജ്രത്തില്‍ തട്ടി വരുന്ന വെളിച്ചം മാത്രം നമ്മുടെ കണ്ണുകളിലേക്ക് എത്തുകയും, അതിന്റെ തിളക്കവും ഭംഗിയും (Cut and Clarity) പലമടങ്ങ്‌ വർദ്ധിച്ചതായി തോന്നുകയും ചെയ്യും (Optical Illusion). ചുറ്റുമുള്ള മറ്റ് തടസ്സങ്ങള്‍ ഒഴിവാക്കി, കാണുന്ന ആളുടെ ശ്രദ്ധ പൂർണ്ണമായും വജ്രത്തിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ ഈ കടും നിറത്തിലുള്ള വെല്‍വെറ്റ് പശ്ചാത്തലം സഹായിക്കുന്നു.




ദിസ് ഈസ് റോങ്; തരംഗമായി റോങ് ഷൂ തിയറി

3.വില്ലൻ ഈർപ്പത്തെ തടയാം
വജ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കില്ലെങ്കിലും അവ പതിപ്പിച്ചു വെച്ചിരിക്കുന്ന സ്വർണം, വെള്ളി, അല്ലെങ്കില്‍ പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങള്‍ക്ക് അന്തരീക്ഷത്തിലെ ഈർപ്പം വില്ലനാകാറുണ്ട്. പ്ലാസ്റ്റിക് അല്ലെങ്കില്‍ കൃത്രിമ ലെതർ (Faux leather) പെട്ടികളില്‍ ആഭരണങ്ങള്‍ അടച്ചുവെക്കുമ്പോള്‍ അതിനുള്ളില്‍ ഈർപ്പം കെട്ടിക്കിടക്കാൻ സാധ്യതയേറെയാണ്. ഇത് ലോഹങ്ങളുടെ തിളക്കം നഷ്ടപ്പെടുത്തുകയും കറുപ്പ് നിറമാകാൻ കാരണമാവുകയും ചെയ്യും. എന്നാല്‍ ഉയർന്ന ഗുണനിലവാരമുള്ള വെല്‍വെറ്റ് തുണിക്ക് വായുസഞ്ചാരം (Breathable) ഉറപ്പാക്കാനുള്ള ശേഷിയുണ്ട്. ഇത് പെട്ടിക്കുള്ളിലെ ഈർപ്പത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുകയും ലോഹങ്ങള്‍ വർഷങ്ങളോളം പുത്തൻപോലെ തിളങ്ങി നില്‍ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, പ്രണയത്തിന്റെ അല്ലെങ്കില്‍ ആഡംബരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ആ ചെറിയ വെല്‍വെറ്റ് പെട്ടി വെറുമൊരു പാക്കിംഗ് സാമഗ്രി മാത്രമല്ല മറിച്ച്‌ വിലമതിക്കാനാവാത്ത വജ്രങ്ങളുടെ തിളക്കവും സുരക്ഷയും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഒരു അദൃശ്യ കാവല്‍ക്കാരൻ കൂടിയാണ്.

Content Highlight: Discover the surprising scientific and optical reasons why precious diamonds are always stored safely inside beautiful velvet boxes.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter