കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവർക്കെതിരേ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
ഇതുപ്രകാരം വേഗപരിധി ലംഘിക്കുന്നവരോട് യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കടുത്ത ശിക്ഷ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം പുതിയ ശിക്ഷാവിവരങ്ങള്‍ പുറത്തുവിട്ടത്. മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗതയോടെ വാഹനമോടിക്കുന്ന സ്വദേശികളാണെങ്കില്‍ ട്രാഫിക് പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. വിദേശികളാണെങ്കില്‍ പിഴയ്ക്കും വാഹനം കണ്ടുകെട്ടലിനും പുറമെ രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്യും.
ഇത്തവണത്തെ ഏറ്റവും പ്രായം കൂടിയ ഹജ്ജ് തീർഥാടക; ഇന്തോനേഷ്യയില്‍ നിന്നുള്ള 104കാരി മക്കയില്‍
മണിക്കൂറില്‍ 170 കിലോമീറ്ററിലധികം വേഗതയോടെ വാഹനമോടിക്കുന്നവരില്‍ സ്വദേശികള്‍ക്ക് ട്രാഫിക് പിഴ, വാഹനം കണ്ടുകെട്ടല്‍, താല്‍ക്കാലിക തടവ് എന്നിവ ലഭിക്കും. വിദേശികളാണെങ്കില്‍ പിഴയും വാഹനം കണ്ടുകെട്ടലും ഒപ്പം നാടുകടത്തലുമായിരിക്കും ശിക്ഷ. മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയോടെ വാഹനമോടിക്കുന്ന സ്വദേശികള്‍ക്ക് പിഴയ്ക്കും വാഹനം കണ്ടുകെട്ടലിനും പുറമെ ജയില്‍ ശിക്ഷയും ലഭിക്കും. വിദേശികളാണെങ്കില്‍ ട്രാഫിക് പിഴ, വാഹനം കണ്ടുകെട്ടല്‍ എന്നിവയ്ക്ക് ശേഷം ഉടൻ തന്നെ നാടുകടത്തും. അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന ഗുരുതരമായ വാഹനാപകടങ്ങള്‍ കുറയ്ക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ കർശന നടപടികളെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
Kuwait's Ministry of Interior announces strict penalties for speeding, warning that citizens face jail and vehicle impoundment while expats face immediate deportation for exceeding 150 km/h.

