ടക്സാസ്: ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായി തിളങ്ങിയതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി ടീമിന്റെ നെടുംതൂണായി മാറിയ ക്യാപ്റ്റൻ ഹാരി കെയ്ൻ.
സൂപ്പർ താരങ്ങളായ ലയണല്‍ മെസ്സി, കിലിയൻ എംബാപ്പെ, എർലിങ് ഹാലണ്ട് എന്നിവരുടെ തകർപ്പൻ പ്രകടനങ്ങളാണ് തനിക്ക് കൂടുതല്‍ ഗോളുകള്‍ നേടാൻ പ്രചോദനമായതെന്ന് മത്സരശേഷം ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ തുറന്നുപറഞ്ഞു. സൂപ്പർ താരം ഹാരി കെയ്ൻ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തകർത്തിരുന്നു.
ടൂർണമെന്റിലെ മറ്റ് സ്ട്രൈക്കർമാരുടെ പ്രകടനം തന്നെയും തന്റെ ടീമിനെയും കൂടുതല്‍ മെച്ചപ്പെടാൻ സഹായിക്കുമെന്നും, എന്നാല്‍ തന്റെ പ്രധാന ശ്രദ്ധ സ്വന്തം രാജ്യത്തിന്റെ വിജയത്തിലാണെന്നും ബയേണ്‍ മ്യൂണിക് താരം കൂടിയായ കെയ്ൻ വ്യക്തമാക്കി.
ഒരു സ്ട്രൈക്കർ എന്ന നിലയില്‍ എത്രയും വേഗം സ്കോർബോർഡില്‍ ഇടംനേടാനാണ് ഞാൻ ശ്രമിച്ചത്. തീർച്ചയായും ഈ ഒരു മത്സരം എന്റെ കളി നിലവാരം ഉയർത്താൻ സഹായിക്കും. ലോകകപ്പ് എന്ന് പറയുന്നത് തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ തങ്ങളുടെ ഉയർന്ന കളി പുറത്തെടുക്കുന്ന വേദിയാണ്. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ഗോളുകള്‍ നേടാനായതില്‍ വലിയ സന്തോഷമുണ്ട്.
കോംഗോയ്ക്കെതിരേ വെറും 25 ടച്ചുകള്‍, ഷോട്ടുകളിലും പിന്നോട്ട്; റൊണാള്‍ഡോ മുള്‍മുനയില്‍
മത്സരത്തിനിടയില്‍ ഗോള്‍ വഴങ്ങേണ്ടി വന്നിട്ടും പതറാതെ തിരിച്ചടിച്ച ഇംഗ്ലീഷ് പടയെ പരിശീലകൻ തോമസ് ടുഹല്‍ പ്രശംസിച്ചു. കളിയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ താൻ കളിക്കാർക്ക് നല്‍കിയ സന്ദേശത്തെക്കുറിച്ച് ടുഹല്‍ പറഞ്ഞത് ഇങ്ങനെയാണ്: 'ഒരു ഗോള്‍ വഴങ്ങിയതിന് ശേഷം കളിക്കാരോട് ശാന്തരാകാനാണ് ഞാൻ ആവശ്യപ്പെട്ടത്. സമ്മർദ്ദങ്ങള്‍ക്ക് അടിപ്പെടാതെ നമ്മുടെ തനത് ശൈലിയില്‍ കളി തുടരാൻ ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു.'
മത്സരഫലം എന്തുതന്നെയായാലും തന്റെ ടീമിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ലെന്നും, കൂടുതല്‍ തീവ്രതയോടെയും ധൈര്യത്തോടെയും കളിക്കാൻ താൻ അവരോട് ആവശ്യപ്പെട്ടതായും പരിശീലകൻ വ്യക്തമാക്കി. ഈ വിജയത്തോടെ ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് കിരീടമോഹങ്ങള്‍ക്ക് ശക്തമായ അടിത്തറയിട്ടിരിക്കുകയാണ്.

