ബെംഗളൂരു: കര്ണാടക മന്ത്രിസഭാ പുനഃസംഘടനയില് സ്ഥാനം ലഭിക്കാത്തതില് പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയ കോണ്ഗ്രസ് എം.എല്.എമാര്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ.
ശിവകുമാര്. ആരെങ്കിലും രാജി സമര്പ്പിച്ചാല് മിനിറ്റുകള്ക്കകം അത് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഈ ഘട്ടത്തില് ക്ഷമയാണ് ആവശ്യം. പാര്ട്ടിയാണ് ഏറ്റവും പ്രധാനം. ആരെങ്കിലും രാജിവെച്ചാല് മിനിറ്റുകള്ക്കകം ഞാന് അത് സ്വീകരിക്കും,' എന്ന് ശിവകുമാര് പറഞ്ഞു. രാഷ്ട്രീയത്തില് അതൃപ്തി പ്രകടിപ്പിക്കുന്നതും രാജി ഭീഷണി മുഴക്കുന്നതും സ്വാഭാവികമാണെങ്കിലും കോണ്ഗ്രസ് പാര്ട്ടിയില് തുടര്ന്നാല് മാത്രമേ എം.എല്.എമാര്ക്ക് രാഷ്ട്രീയ ഭാവിയുണ്ടാകൂവെന്നും അദ്ദേഹം ഓര്മിപ്പിച്ചു.
അസമിലെ സി.ആര്.പി.എഫ് ക്യാമ്പില് വെടിവെപ്പ്; രണ്ട് ജവാന്മാരെ വെടിവെച്ച് എ.എസ്.ഐ ആത്മഹത്യ ചെയ്തു
ധരം സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്തും സിദ്ധാരാമയ്യയുടെ ആദ്യ ഭരണകാലത്തും തനിക്കും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ലെന്നും അന്ന് തനിക്കും രാജിവെക്കാമായിരുന്നുവെന്നും ശിവകുമാര് ചൂണ്ടിക്കാട്ടി. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും സമാന സാഹചര്യം നേരിട്ടിരുന്നുവെന്നും അന്നെല്ലാം ക്ഷമ പാലിച്ചതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
19 പുതിയ മന്ത്രിമാരെ ഉള്പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെയാണ് കോണ്ഗ്രസില് അതൃപ്തി പരസ്യമായത്. എം.എല്.എമാരായ യശ്വന്തരായഗൗഡ പാട്ടീല്, ബെലൂര് ഗോപാലകൃഷ്ണ, ബി.കെ. സംഗമേശ്വര് എന്നിവര് രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. കോലാര്, ചിക്കബെല്ലാപ്പൂര് ജില്ലകള്ക്ക് മന്ത്രിസഭയില് പ്രാതിനിധ്യം ലഭിക്കാത്തതില് പ്രതിഷേധിച്ച് കൂടുതല് എം.എല്.എമാര് കൂട്ടരാജിക്ക് ഒരുങ്ങുന്നതായും റിപ്പോര്ട്ടുകളുണ്ട്.
ഡി.കെ. ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് 19 പുതിയ മന്ത്രിമാരെ കൂടി മന്ത്രിസഭയില് ഉള്പ്പെടുത്തിയത്. അവസാന നിമിഷം വരെ പട്ടികയില് മാറ്റങ്ങള് വരുത്തിയാണ് കോണ്ഗ്രസ് ഹൈക്കമാന്ഡ് അന്തിമ തീരുമാനം കൈക്കൊണ്ടത്.
Amid the Karnataka cabinet reshuffle, CM D.K. Shivakumar issued a warning to Congress MLAs who threatened to resign after not getting a ministerial berth.He made it clear that if anyone submits a resignation, it will be accepted within minutes.

