ചെന്നൈ: തമിഴ്നാട്ടില് ജൂണ് 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഏക രാജ്യസഭാ സീറ്റ് കോണ്ഗ്രസിന് നല്കി ടിവികെ. സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്ഗ്രസിനെ പരിഗണിച്ച കാര്യം ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
സി.വി ഷണ്മുഖം രാജിവെച്ച ഒഴിവിലേക്കാണ് ജൂണ് 18ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില് 23ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില് മൈലം മണ്ഡലത്തില് നിന്നും ഷണ്മുഖം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്ന്ന് മേയ് 07ന് അദ്ദേഹം രാജ്യസഭാ അംഗത്വം രാജിവെക്കുകയും ചെയ്തു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
സ്ഥാനാര്ഥികള്ക്ക് ജൂണ് 8 വരെ പത്രിക സമര്പ്പിക്കാം. ജൂണ് 9ന് രാവിലെ 11ന് പത്രികകളില് സൂക്ഷ്മപരിശോധന നടക്കും. ഒന്നിലധികം സ്ഥാനാര്ഥികളുണ്ടെങ്കില് ജൂണ് 18ന് രാവിലെ ഒന്പത് മുതല് വൈകീട്ട് 4 വരെ സെക്രട്ടറിയേറ്റില് വോട്ടെടുപ്പ് നടക്കും.
സജീവമാകാന് കോക്രോച്ച് ജനതാപാര്ട്ടി; ഔദ്യോഗിക വക്താക്കളെ നിയമിച്ചു
107 സീറ്റുകളുമായി തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ടിവികെ. അതിനാല് ടിവികെയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന സ്ഥാനാര്ഥിക്കാണ് തെരഞ്ഞെടുപ്പില് വിജയസാധ്യത. മറ്റ് ഏതെങ്കിലും പാര്ട്ടിയില് നിന്ന് സ്ഥാനാര്ഥി പ്രഖ്യാപനം ഉണ്ടായാല് മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ. ഇല്ലെങ്കില് ടിവികെ പിന്തുണക്കുന്ന സ്ഥാനാര്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഈ സാഹചര്യത്തിലാണ് ആകെയുള്ള സീറ്റ് കോണ്ഗ്രസിന് നല്കി ടിവികെ തമിഴ്നാട്ടില് പുതിയ രാഷ്ട്രീയ സമവാക്യങ്ങള് എഴുതിചേര്ക്കുന്നത്.

