അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഉള്ളി. എന്നാല്‍ വാങ്ങി ദിവസങ്ങള്‍ക്കകം തന്നെ ഉള്ളി കേടാകുകയോ മുളയ്ക്കുകയോ ചെയ്യുന്നത് പല വീട്ടമ്മമാരെയും അലട്ടുന്ന പ്രശ്നമാണ്.
ശരിയായ രീതിയില്‍ സംഭരിച്ചാല്‍ ഉള്ളി ദീർഘകാലം കേടുകൂടാതെ ഉപയോഗിക്കാം. ഒപ്പം ഹോട്ടല്‍ സ്റ്റൈലില്‍ രുചികരമായ ഒരു ഉള്ളിക്കറി വീട്ടില്‍ എങ്ങനെ തയാറാക്കാം എന്നും നോക്കാം.
അവഗണനയില്‍ നിന്ന് അംഗീകാരത്തിലേക്ക്; ചക്ക വെറുമൊരു നാടൻ പഴമല്ല; അറിയാം അത്ഭുതഗുണങ്ങള്‍
ഉള്ളി പെട്ടെന്ന് നശിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
വായുസഞ്ചാരമുള്ള ഇടം: ഉള്ളി എപ്പോഴും തണുത്തതും വായുസഞ്ചാരമുള്ളതുമായ ഉണങ്ങിയ സ്ഥലങ്ങളില്‍ സൂക്ഷിക്കുക. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം വായു കടക്കുന്ന കൊട്ടകളിലോ നെറ്റുകളിലോ സൂക്ഷിക്കുന്നതാണ് ഉചിതം.
പുറംതൊലി കളയരുത്: ഉള്ളിയുടെ ഉണങ്ങിയ പുറംതൊലി ഒരു സംരക്ഷണ കവചമാണ്. ഇത് ഈർപ്പം നിയന്ത്രിക്കാനും ബാക്ടീരിയകളെ പ്രതിരോധിക്കാനും സഹായിക്കുന്നു. അതിനാല്‍ ഉപയോഗിക്കുന്ന സമയത്ത് മാത്രം തൊലി കളയുക.
ഈർപ്പത്തില്‍ നിന്ന് അകറ്റി നിർത്തുക: ഈർപ്പമാണ് ഉള്ളി മുളയ്ക്കാൻ പ്രധാന കാരണം. അതിനാല്‍ നനവുള്ള സ്ഥലങ്ങളില്‍ നിന്ന് ഉള്ളി മാറ്റി വെക്കുക.
ഹോട്ടല്‍ സ്റ്റൈല്‍ ഉള്ളിക്കറി ഉണ്ടാകുന്ന വിധം
പലപ്പോഴും വീട്ടിലുണ്ടാക്കുന്ന ഉള്ളിക്കറിക്ക് ഹോട്ടലിലെ സ്വാദ് ലഭിക്കാറില്ല. എന്നാല്‍ ഇനി പറയുന്ന രീതിയില്‍ തയാറാക്കി നോക്കൂ:
ആവശ്യമായ ചേരുവകള്‍:
ചുവന്നുള്ളി, തേങ്ങ ചിരകിയത് (1.5 കപ്പ്), പുളി (നെല്ലിക്ക വലിപ്പത്തില്‍), ജീരകം, ഉലുവ, കുരുമുളക്, മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി, പച്ചമുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്.
തയാറാക്കുന്ന വിധം:
അരപ്പ് തയ്യാറാക്കാം: തേങ്ങ നന്നായി വറുത്തെടുക്കുക. ഇതിലേക്ക് ഉലുവ, കുരുമുളക്, ജീരകം എന്നിവ ചേർത്ത് വീണ്ടും വറക്കുക. ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേർത്ത് ഇളക്കി ചൂടാറിയ ശേഷം നന്നായി അരച്ചെടുക്കുക.
വഴറ്റിയെടുക്കാം: ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി വഴറ്റുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർക്കുക. ശേഷം നേരത്തെ കുതിർത്തുവെച്ച പുളിവെള്ളം ഇതിലേക്ക് ഒഴിച്ച് നന്നായി തിളപ്പിക്കുക.
കുറുക്കിയെടുക്കാം: വെള്ളം തിളച്ചു വരുമ്പോള്‍ അരപ്പ് ചേർത്ത് പാകത്തിന് ഉപ്പും ഇട്ട് ചെറുതീയില്‍ വേവിക്കുക. കറി നന്നായി കുറുകി എണ്ണ തെളിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങാം.
ചോറിനൊപ്പം കഴിക്കാൻ പറ്റിയ അതിരുചികരമായ ഈ ഉള്ളിക്കറി ഇനി നിങ്ങളുടെ വീട്ടിലും പരീക്ഷിക്കാവുന്നതാണ്.
Don't let your onions rot or sprout! To keep them fresh for longer, store them in a cool, dry place with plenty of airflow—avoid plastic bags and keep their protective outer skins intact. Once you've mastered storage, try making a restaurant-style Ulli Curry.

