Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഞാനും എന്നെ കണ്ടത് സാധാരണക്കാരനായാണ്'; അഗ്നിപരീക്ഷ മത്സരാര്‍ഥികളോട് റിയാസ്

'ഞാനും എന്നെ കണ്ടത് സാധാരണക്കാരനായാണ്'; അഗ്നിപരീക്ഷ മത്സരാര്‍ഥികളോട് റിയാസ്

ബിഗ് ബോസ് മലയാളം 8ന്റെ പ്രീ ഷോയായ അഗ്നിപരീക്ഷ നിർണായക ഘട്ടത്തിലേക്ക്. 40 പേരില്‍ നിന്ന് ഇപ്പോള്‍ 12 മത്സരാർഥികളാണ് ബിഗ് ബോസ് വീട്ടിലേക്കുള്ള അവസരത്തിനായി മത്സരിക്കുന്നത്.

ഇതിനിടെ സ്വന്തം അനുഭവം പങ്കുവച്ച്‌ മത്സരാർഥികള്‍ക്ക് പ്രചോദനമാകുന്ന വാക്കുകളുമായി മുൻ ബിഗ് ബോസ് താരം റിയാസ് സലീം.

അഗ്നിപരീക്ഷയിലെ മത്സരാർഥികളോട് സംസാരിക്കവെയാണ് ബിഗ് ബോസ് അനുഭവം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് റിയാസ് പറഞ്ഞത്. ബിഗ് ബോസിലെത്തുമ്പോള്‍ താനും തന്നെ ഒരു സാധാരണക്കാരനായാണ് കണ്ടിരുന്നതെന്നും റിയാസ് ഓർമിപ്പിച്ചു.

'ബിഗ് ബോസില്‍ പങ്കെടുത്താല്‍ ജീവിതം പൂർണമായും മാറിയേക്കാം' എന്നായിരുന്നു റിയാസിന്റെ സന്ദേശം. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വെല്ലുവിളികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ബിഗ് ബോസ് വീട്ടിലെത്തിയാല്‍ ലഭിച്ചേക്കാവുന്ന അവസരങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും നോക്കണമെന്നാണ് അദ്ദേഹം മത്സരാർഥികളോട് പറഞ്ഞത്.

റിയാസിന്റെ വാക്കുകളില്‍ സ്വന്തം അനുഭവത്തിന്റെ ഓർമകളും ഉണ്ടായിരുന്നു. റിയാലിറ്റി ഷോയിലെത്തിയതിന് ശേഷം തന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചെന്നും, ബിഗ് ബോസ് വീട്ടിലെത്താൻ അവസരം ലഭിക്കുന്ന മത്സരാർഥികള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ബിഗ് ബോസ് മലയാളം 4ലെ വൈല്‍ഡ് കാർഡ് എൻട്രിയായിരുന്നു റിയാസ് സലീം. തുറന്നുപറച്ചിലും ശക്തമായ അഭിപ്രായങ്ങളും ഗെയിമിലെ തന്ത്രപരമായ സമീപനവും കൊണ്ട് ആ സീസണില്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ട മത്സരാർഥികളില്‍ ഒരാളായി റിയാസ് മാറിയിരുന്നു.

റോബിൻ രാധാകൃഷ്ണന്റെ പുറത്താകലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലും റിയാസിന്റെ ഇടപെടല്‍ വലിയ ചർച്ചയായിരുന്നു. സഹമത്സരാർഥിയായ ലക്ഷ്മി പ്രിയയെ അനുകരിച്ചുള്ള രസകരമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.

വ്യക്തിത്വം, ടീം വർക്ക്, സമ്മർദങ്ങളെ നേരിടാനുള്ള കഴിവ്, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി എന്നിവ പരിശോധിക്കുന്ന വിവിധ ടാസ്‌ക്കുകളിലൂടെയാണ് അഗ്നിപരീക്ഷയിലെ മത്സരം മുന്നേറിയത്. 40 പേരില്‍ ആരംഭിച്ച പോരാട്ടമാണ് ഇപ്പോള്‍ 12 പേരിലേക്ക് ചുരുങ്ങിയിരിക്കുന്നത്.

അവസാന ഘട്ടത്തില്‍ പൊതുജന പിന്തുണയും പ്രേക്ഷകരുടെ വോട്ടും നിർണായകമാകും. ഈ 12 പേരില്‍ ആരൊക്കെയാകും ബിഗ് ബോസ് മലയാളം 8ന്റെ വീട്ടിലേക്ക് എത്തുക എന്നതാണ് ഇനി ആകാംക്ഷ. സ്വന്തം ജീവിതത്തില്‍ ബിഗ് ബോസ് വരുത്തിയ മാറ്റം ചൂണ്ടിക്കാട്ടിയ റിയാസിന്റെ വാക്കുകള്‍, ആ സ്വപ്നത്തിലേക്കുള്ള അവസാന പോരാട്ടത്തിനൊരുങ്ങുന്ന മത്സരാർഥികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.

അഗ്നിപരീക്ഷയെ ഇപ്പോഴേ തള്ളിപ്പറയരുത്; പ്രേക്ഷകരോട് അഖില്‍ മാരാറിൻ്റെ അഭ്യർഥന

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam