നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം: ഭാഗം 1' ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെ ചുറ്റിപ്പറ്റി വലിയ ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
ചിത്രത്തിന്റെ ദൃശ്യഭംഗിയെയും വമ്പൻ സ്‌കെയിലിനെയും നിരവധി പേർ പ്രശംസിക്കുമ്പോള്‍, ചിലർ രണ്‍ബീർ കപൂറിനെ ശ്രീരാമനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
സാൻ ഡിയാഗോ കോമിക്-കോണ്‍ വേദിയില്‍ സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മല്‍ഹോത്ര, സഹതാരം യഷ് എന്നിവരോടൊപ്പം ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത രണ്‍ബീർ, ശ്രീരാമനെ അവതരിപ്പിക്കുന്നതിനെക്കുറിച്ചും അതിനോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും മനസ്സുതുറന്നു.
'ഞാൻ ഈ കഥാപാത്രത്തിന് യോഗ്യനാണോ എന്ന് ആദ്യം ചിന്തിച്ചു'
ശ്രീരാമനെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ ആദ്യം മനസിലുയർന്ന ചോദ്യം താൻ ഈ കഥാപാത്രത്തിന് അർഹനാണോയെന്നായിരുന്നുവെന്ന് രണ്‍ബീർ പറഞ്ഞു.
'എന്റെ മനസില്‍ ആദ്യം വന്ന ചോദ്യം ഞാൻ ഈ കഥാപാത്രത്തിന് യോഗ്യനാണോ എന്നായിരുന്നു. ഞാൻ ശരിയായ ആളാണോ? എന്തുകൊണ്ടാണ് ഈ ഉത്തരവാദിത്തം എനിക്ക് ലഭിച്ചത്? എന്നാല്‍ പിന്നീട് ഈ കഥയുടെ മഹത്വവും സംവിധായകരുടെ ഉദ്ദേശ്യവും മനസ്സിലായി.
ഏകദേശം 4000 വർഷങ്ങളായി നിലനില്‍ക്കുന്ന ഒരു കഥയാണ് 'രാമായണം'. അത് നമ്മുടെ മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് ശ്രീരാമനെ അവതരിപ്പിക്കാൻ ഒരേയൊരു 'ശരിയായ' നടൻ എന്നൊന്നില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്,' രണ്‍ബീർ പറഞ്ഞു.
'ഓരോരുത്തർക്കും സ്വന്തം രാമൻ'
ശ്രീരാമനെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായ സങ്കല്‍പ്പങ്ങളാണുള്ളതെന്നും, അതിനാല്‍ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു മുഖം കണ്ടെത്തുക അസാധ്യമാണെന്നും താരം പറഞ്ഞു.
'രാമായണം കേട്ടും വായിച്ചും വളർന്ന ഓരോരുത്തർക്കും സ്വന്തം മനസ്സിലെ രാമനുണ്ട്. ചിലർ ഞാൻ തെറ്റായ തിരഞ്ഞെടുപ്പാണെന്ന് കരുതും. ചിലർ ശരിയായ തിരഞ്ഞെടുപ്പാണെന്നും പറയും. പക്ഷേ സത്യത്തില്‍, ശരിയായ ഉദ്ദേശ്യത്തോടെയും വിശ്വാസത്തോടെയും ഈ കഥാപാത്രത്തെ സമീപിക്കുന്ന ഏതൊരു നടനും ശ്രീരാമനാകാം,' രണ്‍ബീർ കൂട്ടിച്ചേർത്തു.
രണ്‍ബീറിനെ പ്രശംസിച്ച് യഷ്
ചിത്രത്തില്‍ രാവണനായി എത്തുന്ന യഷും രണ്‍ബീറിന്റെ പ്രകടനത്തെ പ്രശംസിച്ചു.
'ശ്രീരാമനെ അവതരിപ്പിക്കുക എളുപ്പമല്ല. രണ്‍ബീർ അതിനെ അത്ഭുതകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം ഈ കഥാപാത്രത്തിനായി വലിയ പരിശ്രമമാണ് നടത്തിയിരിക്കുന്നത്. 'രാമായണം' കാണുമ്പോള്‍ ഉദ്ദേശ്യബോധവും ത്യാഗവും നിറഞ്ഞ മനോഹരമായ ഒരു രാമനെ പ്രേക്ഷകർ കാണും,' യഷ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചർച്ച തുടരുന്നു
ട്രെയിലർ പുറത്തിറങ്ങിയതോടെ രണ്‍ബീറിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള ചർച്ചകള്‍ ഇപ്പോഴും സജീവമാണ്. ചിലർ അദ്ദേഹത്തിന്റെ അഭിനയത്തില്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, മറ്റുചിലർ ശ്രീരാമന്റെ പ്രതിച്ഛായയ്ക്ക് മറ്റൊരു നടൻ കൂടുതല്‍ യോജിക്കുമായിരുന്നുവെന്ന അഭിപ്രായവും പങ്കുവെക്കുന്നു.
ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ രണ്‍ബീർ
'രാമായണം' ചിത്രത്തില്‍ ശ്രീരാമനൊപ്പം പരശുരാമനായും രണ്‍ബീർ കപൂർ എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. രണ്ട് അവതാരങ്ങളുടെയും ആത്മീയതയും വികാരലോകവും ശരീരഭാഷയും ശബ്ദവും വ്യത്യസ്തമാക്കി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് താരം പറഞ്ഞു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. സീതയായി സായ് പല്ലവിയും ഹനുമാനായി സണ്ണി ഡിയോളും എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്ക് ലോകമെമ്പാടും റിലീസ് ചെയ്യും.

