ശബരിമല: അയ്യപ്പഭക്തര്‍ കാത്തിരുന്ന ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ആരംഭമായി ശബരിമല നട വൈകിട്ട് നാല് മണിക്ക് തുറന്നു.
ശരണാര്‍ത്ഥികളുടെ വലിയ തിരക്കാണ് പമ്പയിലും സന്നിധാനത്തും ഉച്ചയോടെ തന്നെഅനുഭവപ്പെട്ടത്. വൈകിട്ട് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ മുഖ്യകാര്‍മികത്വത്തില്‍ നിലവിലെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചത്. തുടര്‍ന്ന് മാളികപ്പുറം നട തുറക്കുന്നതിനായി മേല്‍ശാന്തി മനു നമ്പൂതിരിക്ക് താക്കോല്‍ കൈമാറി. പതിനെട്ടാംപടിക്ക് മുന്നിലെ ആഴി തെളിയിച്ച ശേഷം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടന്നു. ശബരിമല പുതിയ മേല്‍ശാന്തിയായി അരീക്കര സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ദാമോദരന്‍ നമ്പൂതിരിയും ചടങ്ങുകള്‍ക്ക് ശേഷം ചുമതലയേറ്റു.
17ന് വൃശ്ചിക പുലരി മുതലാണ് ഭക്തര്‍ക്ക് പതിവ് പൂജകളും നെയ്യഭിഷേകവും ദര്‍ശനവും ലഭ്യമാകുക. തിങ്കളാഴ്ചയും 10 മണിവരെ ദര്‍ശന സൗകര്യം ലഭ്യമായിരുന്നു. തീര്‍ഥാടകരുടെ സുരക്ഷയും സുഗമമായ ദര്‍ശനവും ഉറപ്പാക്കാന്‍ ഇത്തവണ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍, മെമ്പര്‍മാരായ അഡ്വ.കെ.രാജു, അഡ്വ.പി.ഡി.സന്തോഷ്‌കുമാര്‍, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ആര്‍.ജയകൃഷ്ണന്‍, ചീഫ് പോലീസ് കോ-ഓഡിനേറ്റര്‍ എ.ഡി.ജി.പി പി.വിജയന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്.ശാന്തകുമാര്‍ തുടങ്ങിയവര്‍ നടതുറക്കലിന് സന്നിഹിതരായിരുന്നു.
ശബരിമലയില്‍ നാളത്തെ(17.11.2026) ചടങ്ങുകള്‍
രാവിലെ നട തുറക്കുന്നത്- പുലര്‍ച്ചെ 3 മണി
നിര്‍മ്മാല്യം,അഭിഷേകം -3 മുതല്‍ 3.30 വരെ
ഗണപതി ഹോമം- 3.20 മുതല്‍
നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ
ഉഷ പൂജ 7.30 മുതല്‍ 8 വരെ
നെയ്യഭിഷേകം 8 മുതല്‍ 11 വരെ
കലശം, കളഭം 11.30 മുതല്‍ 12 വരെ
ഉച്ചപൂജ 12.00 ന്
തിരുനട അടക്കല്‍ 01.00 ന്
തിരുനട തുറക്കല്‍-വൈകിട്ട് 03.00 ന്
ദീപാരാധന വൈകിട്ട് - 06.30 - 06.45
പുഷ്പാഭിഷേകം- 06.45 മുതല്‍ 9 വരെ
അത്താഴ പൂജ - 9.15 മുതല്‍ 9.30 വരെ
ഹരിവരാസനം- 10. 50 ന്
നട അടക്കല്‍ 11.00 ന്

