കുവൈത്ത് വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ 3 മലയാളികളും. ഒരു പെണ്‍കുട്ടിക്കും രണ്ട് യുവാക്കള്‍ക്കുമാണ് പരുക്കേറ്റത്.വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍.
ഇറാന്റെ ആക്രമണത്തില്‍ ആകെ 12 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു
അതിനിടെ, കുവൈത്തില്‍ നിന്ന് നാളെ കേരളത്തിലേക്ക് നാല് വിമാന സര്‍വീസുകളുണ്ടായിരിക്കും. കുവൈറ്റ് - തിരുവനന്തപുരം ജെസീറ എയര്‍വെയിസ് JZR411 (വൈകിട്ട് - 5:30),കുവൈറ്റ് - കൊച്ചി JZR405 (വൈകിട്ട് -6:10), കുവൈറ്റ് - കൊച്ചി - കുവൈറ്റ് എയര്‍വേസ് KAC357 - (വൈകിട്ട്- 7:05), കുവൈറ്റ് - തിരുവനന്തപുരം - കുവൈറ്റ് എയര്‍വെയ്‌സ് (രാത്രി 9:45) - എന്നിങ്ങനെയാണ് സര്‍വീസുകള്‍.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന് നേര്‍ക്കാണ് ഇറാന്റെ മിസൈല്‍ ആക്രണമുണ്ടായത്. തിരക്കേറിയ ടെര്‍മിനലിലുണ്ടായതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടി. അന്‍പത്തിയഞ്ചുകാരനായ മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍ ആണ് കൊല്ലപ്പെട്ടത്. എയര്‍പോര്‍ട്ടിലെ ഒരു കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍. ആശുപത്രിയില്‍വച്ചായിരുന്നു മരണം. അഹമ്മദ് റഹ്മാന്റെ കുടുംബത്തിനാവശ്യമായ സഹായം നല്‍കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
അറുപത്തിമൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴ് പേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. ആറ് ആശുപത്രികളിലായാണ് പരുക്കേറ്റവരെ ചികിത്സിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായി അടച്ചു. ബഹ്‌റൈന് നേര്‍ക്ക് മിസൈല്‍ ആക്രമണമുണ്ടായെന്നും ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കനത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
Story Highlights : Iran attacks Kuwait airport; 3 Malayalis among injured

