എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ടെന്ന് മാര്‍ക്കോ റൂബിയോ. ഇന്നലെ ഉച്ചയ്ക്ക് ന്യൂഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒപ്പമുണ്ടായിരുന്നു. ഇത്തരം വംശീയ പരാമര്‍ശങ്ങള്‍ വളരെ ഗൗരവമായി കാണുന്നുവെന്ന് റൂബിയോ പറഞ്ഞു.
നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു റൂബിയോ. യുഎസില്‍ നിയമപരമായി താമസിക്കുന്ന കുടിയേറ്റക്കാര്‍ ആദ്യം പുറത്തുപോയി വിദേശത്ത് നിന്ന് സ്ഥിര താമസത്തിന് അപേക്ഷിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന പുതിയ യുഎസ് നയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും റൂബിയോ ഉത്തരം നല്‍കി. കുടിയേറ്റ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം മാറ്റങ്ങളെന്നും ഇന്ത്യയ്ക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
'യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഞങ്ങള്‍ക്ക് ഒരു കുടിയേറ്റ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ഇത് ഇന്ത്യ കാരണമല്ല. മറിച്ച് പൊതുവെ പറഞ്ഞാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 20 ദശലക്ഷത്തിലധികം ആളുകള്‍ നിയമവിരുദ്ധമായി യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പ്രവേശിച്ചിട്ടുണ്ട്. ആ വെല്ലുവിളിയെ ഞങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുടിയേറ്റത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും സ്വാഗതാര്‍ഹമായ രാജ്യമാണ് യുഎസ് എന്ന് ഞാന്‍ വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു.

