Kerala Weather
Kerala Weather: അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു.തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ഉപരിതല ചക്രവാതച്ചുഴി (cyclonic circulation) നിലനില്‍ക്കുന്നു. മധ്യ-കിഴക്കൻ, തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.
മെയ് 28,29, ജൂണ്‍ 1 തിയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Heavy rainfall) സാധ്യത. മെയ് 28 മുതല്‍ ജൂണ്‍ 1 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടിയ, വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

