Chennai Super Kings
ഐപിഎല്ലില്‍ നീണ്ട 17 വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരിശീലിപ്പിച്ച ശേഷം പടിയിറങ്ങിയ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിന് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കണ്ടെത്തിയത് വിദേശ പരിശീലകനെയെന്ന് റിപ്പോര്‍ട്ട്.പുതിയ പരിശീലകനെ തേടുന്ന കാര്യത്തില്‍ അന്തിമഘട്ടത്തിലാണ് ചെന്നൈയുള്ളതെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥ് വ്യക്തമാക്കുന്നത്. താരങ്ങളുടെ കൈമാറ്റത്തെ പറ്റിയോ പുതിയ താരങ്ങളെ ടീമിലേക്കെത്തിക്കുന്നതിനെ പറ്റിയോ ഇപ്പോള്‍ ചിന്തിക്കുന്നില്ല. നിരവധി പ്രമുഖ പരിശീലകര്‍ താല്പര്യം പ്രകടിപ്പിച്ച് മാനേജ്‌മെന്റിനെ സമീപിച്ചതായും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഎസ്‌കെ സിഇഒ കാശീ വിശ്വനാഥും ടീം ഡയറക്ടര്‍ രൂപ ഗുരുനാഥും ചേര്‍ന്നാകും പുതിയ പരിശീലകനെ തിരെഞ്ഞെടുക്കുക. നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ്, മുന്‍ നായകനായ എം എസ് ധോനി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. പുതിയ കോച്ചിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും വരാനിരിക്കുന്ന സീസണിലേക്കുള്ള ടീമിനെ ഒരുക്കുക.
നിലവില്‍ മുന്‍ ന്യൂസിലന്‍ഡ് നായകനായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരാണ് പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. മുന്‍ ചെന്നൈ താരമാണെന്ന പരിചയവും മക്കല്ലത്തിനുണ്ട്. 2018 മുതല്‍ ചെന്നൈയുടെ ബാറ്റിംഗ് പരിശീലകനായി തുടരുന്ന മുന്‍ ഓസീസ് താരമായ മൈക്ക് ഹസി, ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടറായ ആല്‍ബി മോര്‍ക്കല്‍ എന്നിവരാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റ് 2 പേര്‍.

