ഇറാൻ എന്ന നാഗരികതയെ ഒറ്റ രാത്രികൊണ്ട് അവസാനിപ്പിക്കുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം.
എന്നാല്‍ ട്രംപിന്‍റെ വെല്ലുവിളിക്ക് പുല്ലുവിലയാണ് ഇറാൻ നല്‍കിയത്. ഇതോടെ ഇറാന് രണ്ടാഴ്ച സമയം നല്‍കണമെന്ന് പാകിസ്ഥാൻ അമേരിക്കയോട് അഭ്യർഥിച്ചു. ഇറാനുമായി ഒരു ചർച്ചയുമില്ലെന്നും, എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിച്ചതായി അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തു. വിനാശകരമായ ആയുധം അമേരിക്ക പ്രയോഗിക്കുമോയെന്ന ആശങ്കയായിരുന്നു മധ്യയേഷ്യയിലെങ്ങും. എന്നാല്‍ പിന്നീടാണ് കളി മാറുന്നത്. രണ്ടാഴ്ചത്തേക്ക് ഇറാനും അമേരിക്കയും വെടിനിർത്തല്‍ പ്രഖ്യാപിച്ചുവെന്ന നല്ല വാർത്തയാണ് ഇന്ന് പുറത്തുവന്നത്. ഇതിന് പിന്നില്‍ പാകിസ്ഥാനാണെന്ന തരത്തില്‍ വലിയ പ്രചാരണമുണ്ടാകുകയും സമാധാന ഇടപെടലിന് പാകിസ്ഥാന് വലിയ പ്രശംസ കിട്ടുകയും ചെയ്തു. അമേരിക്കയും ഇക്കാര്യത്തില്‍ പാകിസ്ഥാനെ പ്രശംസിച്ചു. എന്നാല്‍ യഥാർഥ ഗെയിംചേഞ്ചർ പാകിസ്ഥാൻ അല്ലെന്നും, ചൈനയാണെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി നടന്നുവരുന്ന യുദ്ധത്തെ ചൈന പലപ്പോഴും അപലപിച്ചിരുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ ഇടപെടാൻ ചൈന തയ്യാറായിരുന്നില്ല. പാകിസ്ഥാൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മധ്യസ്ഥശ്രമം നടത്തിവരികയായിരുന്നു. അതിനിടെയാണ് സമാധാനശ്രമങ്ങള്‍ക്ക് ചൈനയുടെ ഇടപെടല്‍ ഉണ്ടാകുന്നത്. ഇപ്പോള്‍, വെടിനിർത്തല്‍ കരാറിന് പിന്നിലെ ഇടപെടല്‍ നടത്തിയത് ചൈനയാണെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.
അല്‍പം മടിയോടെ ആണെങ്കിലും ട്രംപ് പോലും ഇക്കാര്യം സമ്മതിച്ചു. ഇറാനെ ചർച്ചയ്ക്ക് സമ്മർദ്ദം ചെലുത്തുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടോ എന്ന എഎഫ്.പിയുടെ ചോദ്യത്തിന് അങ്ങനെ കേള്‍ക്കുന്നുവെന്നാണ് ട്രംപിന്‍റെ മറുപടി.
ഇറാനുമായി ചർച്ച നടത്തിയതായി രണ്ട് ചൈനീസ് ഉദ്യോഗസ്ഥർ എ.പിയോട് വെളിപ്പെടുത്തിയിരുന്നു. നേരത്തെ യുദ്ധം അവസാനിപ്പിക്കാൻ പരസ്യമായി ഇടപെട്ട പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ നിരന്തരം ശ്രമിച്ചുവരികയായിരുന്നു. അതിനിടെയാണ് ചൈനയുടെ രംഗപ്രവേശം.
ചൈനയുടെ നീക്കം വിജയകമായോടെ ഇറാനുമേല്‍ പാകിസ്ഥാനേക്കാള്‍ സ്വാധീനം ചൈനയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. വെടിനിർത്തല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ്, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ഇറാനെതിരായ പ്രമേയം ചൈനയും റഷ്യയും ചേർന്ന് ശക്തമായി എതിർത്തിരുന്നു. ഈ പ്രമേയം ഹോർമുസ് കടലിടുക്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമായിരുന്നുവെന്നാണ് ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നത്.
ഏതായാലും വെടിനിർത്തില്‍ യാഥാർഥ്യമായതോടെ, ഇതുവരെയും ചൈന അതില്‍ ഒരു അവകാശവും ഉന്നയിച്ചിട്ടില്ല. ചൊവ്വാഴ്ച, വിദേശകാര്യ മന്ത്രി വാങ് യി ഇറാൻ, ഇസ്രായേല്‍, റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായി 26 ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചൈനീസ് സർക്കാർ വക്താവ് പറഞ്ഞു. മധ്യേഷ്യയില്‍ ട്രംപ് വരുത്തിവെച്ച പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടാതെയാണ് ചൈന ഇപ്പോള്‍ പ്രശ്നപരിഹാരം സാധ്യമാക്കിയത്. അടുത്തമാസം ചൈനയിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് ബീജിങ്ങില്‍വെച്ച് ഷീ ജിൻപിങ്ങുമായി കൂട്ടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ചർച്ച ഏറെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ഇറാനില്‍ യുഎസ് പൈലറ്റ് രക്ഷാപ്രവർത്തനം: യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു
വെടിനിർത്തല്‍ കരാറിന് പിന്നാലെ ചൈനയുടെ പങ്ക് ട്രംപ് അംഗീകരിച്ചെങ്കിലും, ട്രംപിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അക്കാര്യം പരാമർശിച്ചിട്ടില്ല. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ “പ്രിയപ്പെട്ട ഫീല്‍ഡ് മാർഷല്‍” അസിം മുനീറിനെയും പരാമർശിച്ചുകൊണ്ട് യുഎസ് പ്രസിഡന്റിന്റെ വെടിനിർത്തല്‍ പ്രഖ്യാപനം പാകിസ്ഥാൻ മധ്യസ്ഥതയെ വ്യക്തമായി പ്രശംസിച്ചു. ചൈനയെ പരാമർശിക്കാതിരുന്നത് തന്ത്രപരമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

