ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ട്രോളുകള്‍ മുഴുവന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപിയും കേന്ദ്രവും പത്രങ്ങളില്‍ നല്‍കിയ പരസ്യത്തെ കുറിച്ചാണ്.
പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളില്‍ മുഴുവന്‍ എന്റെ തല എന്റെ ഫിഗര്‍ എന്ന് പറയുന്നതുപോലെ മോദിയുടെ ചിത്രം മാത്രമാണ്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്ന് ചോദിക്കും പോലയാണ് ഇപ്പോള്‍ ജീയുടെ അവസ്ഥ.
വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം രൂപപ്പെട്ടത് 1996ല്‍ നായനാരുടെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. 2010 ല്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പദ്ധതിക്ക് തറക്കല്ല് ഇട്ടതോടെ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്കുള്ള സഞ്ചാരം തുടങ്ങി. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പദ്ധതിക്ക് പുതുജീവന്‍ വച്ചു.
തുടര്‍ന്ന് ഇടവേളകളില്ലാത്ത നിരന്തര പരിശ്രമം. ഒടുവില്‍ എല്ലാ വെല്ലുവിളികളും ഒറ്റയ്ക്ക് ഏറ്റെടുത്ത് ഇടതു സര്‍ക്കാര്‍ പദ്ധതി ട്രാക്കില്‍ കയറ്റിയപ്പോള്‍ പൊട്ടിമുളച്ചതുപോലെ ദാ വരുന്നു മോദി അണ്ണനും പിള്ളേരും. എന്താ എന്ന് ചോദിച്ചാല്‍ ഏതാ എന്ന് തിരിച്ച് ചോദിക്കുന്ന ജീയ്ക്ക് വിഴിഞ്ഞം പദ്ധതി എന്താണെന്നെങ്കിലും അറിയുമോ എന്ന് തന്നെ സംശയമാണ്.
കയ്യാലപ്പുറത്തെ തേങ്ങ പോലെ ഇരിക്കുമ്ബോഴും ജീയുടെ ഷോയ്ക്ക് മാത്രം ഒരു കുറവും ഇല്ല എന്നതാണ് സത്യം. അതിന്റെ നേര്‍ സക്ഷ്യമാണ് കേന്ദത്തിന്റെയും ബിജെപിയുടേയും പരസ്യങ്ങള്‍. ഇത്രയും കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയ വിഴിഞ്ഞം പദ്ധതിയുടെ ക്രഡിറ്റ് പോയിട്ട് പരസ്യത്തിന്റെ ഒരു അറ്റത്ത് പോലും കേരള സര്‍ക്കാരിന്റെയോ പിണറായി വിജയന്റെയോ പേരില്ല. പകരം എല്ലായിടത്തും നന്ദി മോദി എന്ന ഒറ്റ വാക്യം മാത്രം.
എല്ലായിടത്തും മേരാ പ്യാരേ ദേശവാസിയോം എന്ന് മാത്രം പറഞ്ഞിരുന്ന ജീ ഡയലോഗില്‍ ചെറിയ മാറ്റം വരുത്തി എന്ന് മാത്രം. ‘മേരാ പ്യാരേ ദേശവാസിയോം’ എന്ന ഡയലോഗിന് പകരം ‘നന്ദി മോദി’ എന്നായി. മുദ്ര ശ്രദ്ധിക്കണമെന്നാണല്ലോ ഡാന്‍സ് മാസ്റ്റര്‍ വിക്രം പറഞ്ഞിട്ടുള്ളത്. ഇതിപ്പോ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യത്തിലെത്തിയപ്പോള്‍ മോദിക്ക് നന്ദി പറയുന്നത് എന്തിനാണ് എന്ന് മാത്രം ആര്‍ക്കും മനസിലാകുന്നില്ല.
വിഴിഞ്ഞത്തെന്ത്? അറിയാം ഈ അന്താരാഷ്ട്ര തുറമുഖത്തിന്‍റെ പ്രത്യേകതകള്‍
വിഴിഞ്ഞം പദ്ധതി നടത്തുന്നതിനുള്ള കേന്ദ്ര വിഹിതം മോദി സര്‍ക്കാര്‍ നല്‍കിയില്ലെന്ന് മാത്രമല്ല, നല്‍കിയ കുറച്ച് ഫണ്ട് പലിശയും കൂട്ടുപലിശയുമായി കേന്ദ്രം തിരികെ വാങ്ങുകയും ചെയ്തതൊന്നും പുറത്തറിഞ്ഞതുപോലുമില്ല. വളര്‍ത്തുവരുന്ന ചെടി വെട്ടിയും വെള്ളം കൊടുക്കാതെയും നശിപ്പിച്ച് കളയാന്‍ ശ്രമിച്ചിട്ട് അത് വളര്‍ന്ന് വന്നു കഴിയുമ്ബോള്‍ തണല്‍കൊള്ളാന്‍ അതിന്റെ താഴെ പോയി നില്‍ക്കുന്നതുപോലെയാണ് മോദി ഇപ്പോള്‍ ചെയ്യുന്നത്.
മുടക്കാന്‍ പരമാവധി നോക്കിയിട്ടും പിണറായി സര്‍ക്കാരിന്റെ മാത്രം ഇച്ഛശക്തിയോടെ പൂര്‍ത്തിയായ വിഴിഞ്ഞം പദ്ധതി വലിയ ഗമയില്‍ വന്ന് ഉദ്ഘാടനം ചെയ്യുമ്ബോള്‍ കേരളവും മലയാളികളും ‘നന്ദി മോദിജി’ എന്നായിരിക്കില്ല പറയുക പകരം മീശമാധവന്‍ സിനിമയില്‍ ഹരിശ്രീ അശോകന്‍ സലിം കുമാറിനോട് ചോദിച്ചതുപോലെ ‘ആരാാാാ’ എന്നായിരിക്കും

