Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴപെയ്താല്‍ ചെളിക്കുളം, വെയിലായാല്‍ പൊടിയും റോഡിലുണ്ട് വാരിക്കുഴി

മഴപെയ്താല്‍ ചെളിക്കുളം, വെയിലായാല്‍ പൊടിയും റോഡിലുണ്ട് വാരിക്കുഴി

മണര്‍കാട്: മണര്‍കാട്ടെ റോഡുകള്‍ മഴപെയ്താല്‍ ചെളിക്കുളവും വെയിലായാല്‍ പൊടിയും എന്നതാണ് അവസ്ഥ. രണ്ടായാലും മണര്‍കാടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതം ഒരുപോലെയാണ്. പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പഴയ കെ.കെ റോഡിലൂടെയുള്ള ബൈപ്പാസ് റോഡിലൂടെ പ്രവേശിച്ചാണ് കടന്നുപോകുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇവിടുത്തെ ടാറിംഗ് മഴക്കാലത്ത് തകര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പഞ്ചായത്തിന്റെയും പി.ഡബ്ലി.യു.ഡിയുടെയും നേതൃത്വത്തില്‍ വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം ഇന്റര്‍ ലോക്ക് പാകിയിരുന്നു. ബാക്കി ഭാഗം ടാറിംഗും നടത്തി. തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ഇന്റര്‍ ലോക്കും ടാറിംഗും തകര്‍ന്നു തരിപ്പണമായ നിലയിലാണ്.

ബൈപ്പാസ് റോഡ് പ്രവേശിക്കുന്ന ഭാഗത്തു നിന്നും പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗം ടാറിംഗ് നടത്താതെ വലിയ തോതിലുള്ള കുഴി രൂപപ്പെട്ട് വെള്ളക്കെട്ടായി മാറി. റോഡില്‍ ടാറിംഗ് തുടങ്ങുന്ന ഭാഗത്തും പഴയ കെ.കെ റോഡിലേക്കു തിരിയുന്ന ഭാഗത്തെയും പുതുപ്പള്ളി ചങ്ങനാശേരി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെയും ടാര്‍ പൊട്ടിപ്പൊളിഞ്ഞ് ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടും അറ്റകുറ്റപ്പണികള്‍ മാത്രം നടക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

കണ്ണുതെറ്റിയാല്‍..

ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ കുഴികളില്‍ വീഴുന്നതും പതിവാണ്. റോഡിലെ ടാറിംഗ് ഇളകിമാറി മെറ്റല്‍ നിറഞ്ഞു കിടക്കുകയാണ്. റോഡില്‍ നടപ്പാത ഇല്ലാത്തതിനാല്‍ കാല്‍നടയാത്രക്കാരെയും ദുരിതത്തിലാണ്. മണര്‍കാട് പള്ളി പെരുന്നാള്‍ സമയത്ത് റാസാ കടന്നു പോകുമ്ബോഴാണ് മുന്‍ വര്‍ഷങ്ങളില്‍ റോഡ് നന്നാക്കിയിരുന്നത്. കൊവിഡ് 19 മൂലം പെരുന്നാള്‍ റാസാ ഇല്ലാതിരുന്നതും റോഡിലെ അറ്റകുറ്റപ്പണി തടസപ്പെടാന്‍ ഇടയാക്കി.

മഴക്കാലത്ത് റോഡിലൂടെ കടന്നുപോകാന്‍ പ്രയാസമാണ്. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ വലിയ തോതിലുള്ള പൊടി ശല്യമുണ്ട്. മാസ്ക്ക് ധരിക്കുന്നതിനാല്‍ താത്ക്കാലികമായി പൊടിശല്യം ഒഴിവാക്കാനാകും.

( കെ.ജെ സാലി, മണര്‍കാട് സ്വദേശിനി )

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi