മുംബൈയില്‍ കനത്ത മഴ.... ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു
പാല്‍ഘറില്‍ കനത്തമഴയില്‍ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു. അയ്യപ്പക്ഷേത്ര സമീപം അഗ്രിപാഡ ചാളില്‍ താമസിക്കുന്ന കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തില്‍ ഷബീർ സഈദിന്റെ ഭാര്യ റാബിയയാണു (47) മരിച്ചത്.
മഴയ്ക്കിടെ ഭിത്തിക്ക് അരികില്‍ നില്‍ക്കവെയാണ് അപകടം സംഭവിച്ചത്. സംസ്കാരം ഇന്നു പനയങ്ങാട് ജുമ മസ്ജിദ് കബർസ്ഥാനില്‍ നടത്തും. മക്കള്‍: അല്‍ഫിയ, ഇർഫാൻ.
അതേസമയം പെരുമഴയില്‍ ആള്‍നൂഴിയില്‍ (മാൻഹോള്‍) വീണു കാല്‍നടയാത്രക്കാരൻ മരിച്ചിരുന്നു. തുറന്ന കിടന്ന ആള്‍നൂഴിയില്‍ വീണ് അസ്‌ലം ഷെയ്ഖ് (55) ആണ് ഒഴുകിപ്പോയത്. അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രത്യേക സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് അഗ്നിരക്ഷാ സേനാംഗം ആള്‍നൂഴിയില്‍ ഇറങ്ങിയാണു മൃതദേഹം പുറത്തെത്തിച്ചത്. മൊബൈലില്‍ സംസാരിച്ചു നടക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികള്‍ ഉടൻ ഗോവണി ഇറക്കി പരിശോധിച്ചെങ്കിലും ചെരിപ്പും കുടയും മാത്രമാണു ലഭിച്ചത്.
മുംബൈ മുനിസിപ്പല്‍ കോർപറേഷന്റെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്നു വിമർശനം ഉയരുന്നുണ്ട്. ആള്‍നൂഴികളില്‍ മൂടി നിർബന്ധമാണെന്നിരിക്കെ മഴ ശക്തി പ്രാപിച്ചിട്ടും നടപടികള്‍ എടുത്തില്ലെന്നാണ് ആക്ഷേപമുള്ളത്. എന്നാല്‍, അറ്റകുറ്റപ്പണിക്കായി മൂടി തുറന്നതാണെന്നാണ് കോർപറേഷന്റെ വിശദീകരണം.

