ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...
തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഇന്നു മുതല്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് വിലക്ക്. ചൊവ്വ മുതല്‍ വിലക്ക് പ്രാബല്യത്തിലായി.
തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ്സ് (HR&CE) വകുപ്പിന്റേതാണ് നടപടി. ക്ഷേത്രങ്ങളുടെ ശാന്തമായ അന്തരീക്ഷം സംരക്ഷിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മുൻ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഓരോ ഫോണിനും 5 രൂപ എന്ന നിരക്കില്‍ ഏകീകൃത ടോക്കണ്‍ ഫീസ് ഈടാക്കുകയും ചെയ്യും. ഫോണ്‍ നല്‍കുന്ന വ്യക്തിയുടെ ചിത്രം, ഫോണിന്റെ മോഡല്‍, നമ്പർ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. ലഭിക്കുന്ന രസീത് പരിശോധിച്ചശേഷം മാത്രമേ ഫോണ്‍ തിരികെ നല്‍കുകയുള്ളൂ. കാഞ്ചിപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി-അത്തി വരദർ ക്ഷേത്രം ഉള്‍പ്പെടെ പ്രധാനപ്പെട്ട മിക്ക ക്ഷേത്രങ്ങളിലും നടപടി ആരംഭിച്ചു കഴിഞ്ഞു.
വിലക്ക് സംബന്ധിച്ച് പാർക്കിങ് കേന്ദ്രങ്ങളിലും ക്ഷേത്രപരിസരത്തെ പ്രധാന ഇടങ്ങളിലും വിവിധ ഭാഷകളില്‍ അറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. പൊതുഅറിയിപ്പ് സംവിധാനത്തിലൂടെയും മൊബൈല്‍ നിരോധനം അറിയിക്കണമെന്നാണ് നിർദേശമുള്ളത്.
അതേസമയം 2022 ഡിസംബർ 2ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് നിയന്ത്രണത്തിന് ആധാരം. തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മൊബൈല്‍ ഉപയോഗം നിരോധിക്കണമെന്ന ഹർജിയിലായിരുന്നു കോടതി ഉത്തരവുള്ളത്.

