ബേപ്പൂരില്‍ പെന്‍ഷന്‍ വാങ്ങിമടങ്ങിയ വയോധികനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. ഗോതീശ്വരം കല്ലിങ്ങല്‍ സ്വദേശി കോട്ടപ്പുറം കുഞ്ഞിക്കണ്ടിപ്പറമ്പില്‍ രതീഷാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 27ന് ബേപ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബിസി റോഡിലായിരുന്നു സംഭവം. ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങി മടങ്ങുംവഴിയാണ് ചക്കുംകടവ് നദീ നഗര്‍ സ്വദേശി ആക്രമിക്കപ്പെട്ടത്. വയോധികന്റെ കൈവശമുണ്ടായിരുന്ന രേഖകളടങ്ങിയ പഴ്‌സും പ്രതി കൈക്കലാക്കിയിരുന്നു.
പെന്‍ഷന്‍ വാങ്ങി വരുന്നവഴിക്ക് ബിസി റോഡ് ജംഗ്ഷന് സമീപം വയോധികന്‍ കാല്‍തെറ്റിവീണു. ഓടിക്കൂടിയ ആളുകളുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രതി വയോധികനെ വീട്ടില്‍ എത്തിക്കാമെന്ന വ്യാജേന ഒപ്പംകൂടി. ശേഷം ഫ്‌ലാറ്റിലേക്ക് പോകുന്നവഴിയില്‍ പരാതിക്കാരനെ റോഡിലേക്ക് തള്ളിയിട്ട ശേഷം പോക്കറ്റിലുണ്ടായിരുന്ന നാലായിരം രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ അടങ്ങിയ പഴ്‌സും എടുത്ത് കടന്നുകളയുകയായിരുന്നു.
വയോധികന്റെ പരാതിയില്‍ കേസെടുത്ത ബേപ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റിലായ രതീഷ് നേരത്തെയും നിരവധിക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വില്‍പനയ്ക്കായി മദ്യം കൈവശംവയ്ക്കല്‍, പൊതുജനശല്യം, പൊതുസ്ഥലത്തെ മദ്യപാനം തുടങ്ങിയവയ്ക്ക് ബേപ്പൂര്‍, നല്ലളം, മാറാട് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

