Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുരന്ത പ്രതിരോധം മുന്നറിയിപ്പില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ?

ദുരന്ത പ്രതിരോധം മുന്നറിയിപ്പില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ?

News Malayalam 3 weeks ago

ദുരന്തങ്ങള്‍ ആവർത്തിക്കുമ്പോഴും മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും പരാജയപ്പെടുന്ന സമൂഹമായി നാം മാറിയിരിക്കുന്നു.

നൂറ്റാണ്ടുകളായി ഓരോ കാലവർഷത്തിലും ആവർത്തിക്കുന്ന പെരുമഴയുടെ അനുബന്ധ നാശങ്ങളെ ചെറുക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ലെന്നത് ഭരണകൂട പരാജയമാണ് വെളിവാക്കുന്നത്. ദുരന്തങ്ങള്‍ പ്രവചിക്കുന്നതില്‍ തുടങ്ങി ദുരന്ത നിവാരണ പദ്ധതികളിലും അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ വരെ നാം വീഴ്ച ആവർത്തിക്കുകയാണ്. മഴക്കാല പൂർവ ശുചീകരണം പോലെയുള്ള തട്ടിക്കൂട്ട് പ്രഹസനങ്ങളാകരുത് ദുരന്തനിവാരണം എന്നത്. ദുരന്തം എത്തിക്കഴിയുമ്പോഴുള്ള പ്രതികരണങ്ങളുമല്ല കേരളത്തിന് ആവശ്യം. ആ ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളാണ് വേണ്ടത്.

ദുരന്ത പ്രതിരോധം മുന്നറിയിപ്പിലൊതുങ്ങിയാല്‍ മതിയോ?

വികസന പ്രക്രിയയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരള മാതൃക കേരളത്തിലെ ദുരന്ത നിവാരണ രംഗത്ത് പ്രതിഫലിക്കുന്നതേ ഇല്ല. പ്രകൃതിദുരന്തങ്ങളില്‍ ഉണ്ടാകുന്ന മരണനിരക്ക് വെളിപ്പെടുത്തുന്നത് അതാണ്. ദുരന്ത പ്രതിരോധ പഠനങ്ങളില്‍ എടുത്തുപറയുന്ന വസ്തുത, ഉയർന്ന സാമ്പത്തിക വളർച്ചയും സാമൂഹിക വികസനവും നടന്ന ഇടങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം കൂടിയാലും മരണനിരക്ക് കുറവാകാറുണ്ട്. പക്ഷേ കേരളത്തിന്റെ അനുഭവം മറിച്ചാണ്…കേരളത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ-ചൂരല്‍മല, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ അർഹമായ കേന്ദ്രസഹായത്തിനു കോടതികള്‍ക്കുപോലും ഇടപെടേണ്ടിവന്നു എന്നത് എത്ര വിഷമകരമാണ്. മഴയ്ക്കും മണ്ണിനും ദുരന്തങ്ങള്‍ക്കുമില്ലാത്ത വിവേചനമോ മുൻഗണനയോ സർക്കാരുകള്‍ക്കുണ്ടാകുന്നില്ല. അതിതീവ്രമഴയ്‌ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്‌ കഴിഞ്ഞ ദിവസങ്ങളില്‍ അവഗണിക്കപ്പെട്ടു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടി ഏകോപിപ്പിക്കുന്നതിലും സർക്കാർ പിറകോട്ടുപോയി. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനമനുസരിച്ച്‌ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗരേഖയും സർക്കാർ അവഗണിച്ചതും വിമർശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

പ്രളയ പാഠം പഠിക്കാതെ കേരളം

എന്തേ ദുരന്തമെത്തുമ്പോള്‍ മാത്രം പ്രതികരണം?

ഇന്ത്യയില്‍ ദുരന്തനിവാരണം സർക്കാർ ഉത്തരവാദിത്തവും നിയമപരമായി നിയന്ത്രിക്കപ്പെടുന്നതുമാണെങ്കിലും, 15-ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാന ദുരന്ത ലഘൂകരണ നിധിയിലൂടെ അനുവദിച്ച ഫണ്ടുകള്‍ പോലും ദീർഘകാല പ്രതിരോധ ആസ്തിയാക്കി മാറ്റി, അത് ഫലപ്രദമായി വിനിയോഗിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. പാരിസ്ഥിതിക ലോലപ്രദേശങ്ങളിലും തീരദേശങ്ങളിലും മുൻകരുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്ന ഭരണപരവും സാമ്പത്തികവുമായ ഈ പരാജയം കാരണം, ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്ന രീതിയാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നത്. ഇതിന്റെ ഫലമായി 2004-ലെ സുനാമി മുതല്‍ ഓഖി, പ്രളയം, കവളപ്പാറ, പെട്ടിമുടി, വയനാട് തുടങ്ങി സമീപകാല ദുരന്തങ്ങളില്‍ വരെ ജീവഹാനിയും ഉപജീവന നഷ്ടവും ഏറ്റവും കൂടുതല്‍ നേരിടേണ്ടിവന്നത് സാധാരണക്കാരും തൊഴിലാളികളുമാണ്. എങ്കിലും ദുരന്തങ്ങളോട് പ്രതികരിക്കുന്നതിനും ഇടപെടുന്നതിനും കേരളം മാതൃകയാണ്. പ്രത്യേകിച്ച്‌ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ നടത്തുന്ന മാതൃകാപരമായ ഇടപെടലുകള്‍.

എല്‍നിനോ പ്രതിഭാസം മൂലമുണ്ടായ കാലവർഷക്കുറവും, വൈദ്യുതി ഉല്‍പാദനം പരമാവധി ഉയർത്തി കെഎസ്‌ഇബി ജലനിരപ്പ് ക്രമീകരിച്ചതും ഡാമുകളിലെ ജലനിരപ്പ് ചുരുക്കാൻ സഹായകമായി. മുൻവർഷങ്ങളിലെപ്പോലെ ഡാമുകള്‍ നേരത്തെ നിറഞ്ഞിരുന്നെങ്കില്‍, ഓഗസ്റ്റ് ഒന്നിലെ അതിതീവ്രമഴയില്‍ സ്പില്‍വേകള്‍ കൂടി തുറക്കേണ്ടി വരികയും അത് മറ്റൊരു മഹാപ്രളയത്തിന് വഴിയൊരുക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ, കാലവർഷക്കുറവുമൂലം ഡാമുകളില്‍ അവശേഷിച്ച സംഭരണശേഷി വലിയൊരു ദുരന്തം ഒഴിവാക്കാൻ ഇടയാക്കി എന്നത് വാസ്തവമാണ്.

മഴപ്രവചനം എന്ന വെല്ലുവിളി

കേരളത്തിലെ മഴപ്രവചനം സ്വാഭാവികമായും സങ്കീര്‍ണമായ വെല്ലുവിളിയാണ്. ഭൂമധ്യരേഖയോട് അടുത്തുള്ള ഉഷ്ണമേഖലാ അന്തരീക്ഷത്തില്‍ മേഘരൂപവത്കരണവും കാറ്റിന്റെ ഗതിയും അതിവേഗം മാറിമറിയുന്നു. പശ്ചിമഘട്ടത്തിന്റെ സവിശേഷ ഭൗമഘടനയും മഴയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു. അറബിക്കടലില്‍നിന്ന് എത്തുന്ന ഈര്‍പ്പമുള്ള കാറ്റ് മലനിരകളില്‍ തട്ടി ഉയരുമ്പോള്‍ വളരെ ചെറിയ പ്രദേശങ്ങളില്‍ പോലും കുറഞ്ഞ സമയത്തിനുള്ളില്‍ അതിതീവ്ര മഴ പെയ്യാം. .. ഇത്തരത്തില്‍ പെട്ടെന്നുണ്ടാകുന്ന പ്രാദേശിക മേഘരൂപവത്കരണങ്ങളെയും തീവ്രമഴയെയും മണിക്കൂറുകള്‍ക്കുമുമ്പ് കൃത്യമായി തിരിച്ചറിയുക നിലവിലെ പ്രവചന സംവിധാനങ്ങള്‍ക്ക് ഇപ്പോഴും വെല്ലുവിളിയാണ്.

മഴയുടെ ആഘാതം നിര്‍ണയിക്കുന്നതില്‍ ഒരു പ്രദേശത്തിന്റെ ഭൂപ്രകൃതിക്കും മണ്ണിന്റെ ഘടനക്കും ജലപ്രവാഹ സംവിധാനങ്ങള്‍ക്കും വലിയ പങ്കുണ്ട്. സമതലപ്രദേശങ്ങളില്‍ പെയ്യുന്ന മഴവെള്ളം താരതമ്യേന വേഗത്തില്‍ ഒഴുകിമാറുമ്പോള്‍, മലനിരകളും ഇടുങ്ങിയ താഴ്‌വരകളും ചെങ്കുത്ത്‌ ചെരിവുകളുമുള്ള പത്തനംതിട്ട, ഇടുക്കി പോലുള്ള ജില്ലകളില്‍ അതേ അളവിലുള്ള മഴ വലിയ ദുരന്തസാധ്യത സൃഷ്ടിച്ചേക്കും. നഗരപ്രദേശങ്ങളില്‍ ചെറിയ സമയത്തിനുള്ളില്‍ പെയ്യുന്ന മഴപോലും വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും ജനജീവിത പ്രതിസന്ധിക്കും കാരണമാകുകയും ചെയ്യും...

ഉരുളില്‍ തെളിയുന്ന ജലപാഠങ്ങള്‍

ജാഗ്രതാ നിർദേശങ്ങള്‍ പുനർനിർണയിക്കണം

മഴ പ്രളയമായശേഷം മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതെന്ന ആരോപണമാണല്ലോ ഇപ്പോള്‍ പ്രധാനമായി ചർച്ചചെയ്യുന്നത്…ഈ പശ്ചാത്തലത്തില്‍ നിലവിലെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കൃത്യതയും വ്യാപ്തിയും വീണ്ടും ഗൗരവമായ ചര്‍ച്ചക്ക്‌ വിധേയമാക്കേണ്ടതുണ്ട്. കേന്ദ്രത്തില്‍നിന്നു ലഭ്യമായ വിവരങ്ങളനുസരിച്ചുള്ള അലർട്ട് നേരത്തെ നല്‍കിയിരുന്നെന്നാണ് മന്ത്രി എ.പി. അനില്‍കുമാർ പറഞ്ഞത്. നിർദേശം പുറപ്പെടുവിക്കലല്ല, അതു നടപ്പായിട്ടുണ്ടെന്ന് ഉറപ്പാക്കലാണ് സർക്കാരിന്‍റെ പണിയെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മഴക്കരുതല്‍ മാനദണ്ഡമായ ചുവപ്പ്, ഓറഞ്ച് പോലുള്ള നിറങ്ങളിലുള്ള പ്രഖ്യാപനത്തിലുള്ള ആശയക്കുഴപ്പം വിശദമായി ചർച്ച ചെയ്യേണ്ടത് തന്നെയാണ്. സമീപകാലത്തുണ്ടായ ചില പ്രകൃതിദുരന്തങ്ങള്‍ പരിശോധിക്കുമ്പോള്‍, ജാഗ്രതാ മുന്നറിയിപ്പുകള്‍ക്കാധാരമായ മാനദണ്ഡങ്ങള്‍ പുനർനിർണയിക്കേണ്ടതിന്റെ ആവശ്യകത കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത് പ്രദേശങ്ങളിലെ സവിശേഷ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ മുന്നറിയിപ്പുകള്‍ക്ക് കൂടുതല്‍ കൃത്യത കൈവരികയുള്ളൂ..... മനുഷ്യരുടെ ജീവിത ശൈലീക്രമങ്ങള്‍, ഭൂവിനിയോഗ ക്രമത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവ അന്തരീക്ഷത്തിലും, ഭൗമഘടനയിലും ഘടനാപരമോ, ഗുണപരമോ ആയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെയാണ് ഘടനാമാറ്റം സംഭവിച്ച കേരളത്തിലെ മലയോരങ്ങളില്‍, മുന്നൊരുക്കങ്ങള്‍ ആവശ്യമില്ലാത്ത 'മഞ്ഞ ജാഗ്രത'യിലെ മഴ പോലും ചിലപ്പോള്‍ ചുവപ്പു ജാഗ്രതയ്ക്ക് സമാനമായ വലിയ ദുരന്തങ്ങള്‍ക്കും ഉരുള്‍പൊട്ടലിനും കാരണമാകുന്നത്.

ദീർഘകാല പദ്ധതികള്‍ക്കു പകരം അലേർട്ടുകള്‍ മതിയോ?

ദുരന്തങ്ങളുടെ യഥാർഥ കാരണങ്ങളെ ശാസ്ത്രീയവും സ്വതന്ത്രവുമായി വിലയിരുത്തുന്നതിനു പകരം, പലപ്പോഴും അവയെ പ്രകൃതിദുരന്തങ്ങളുടെ അനിവാര്യതയായി മാത്രം ചിത്രീകരിക്കുന്ന പ്രവണത ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന തിരിച്ചറിവാണ് വേണ്ടത്. വികസനത്തിന്റെ അടുത്ത ഘട്ടമായി ദുരന്തപ്രതിരോധത്തെ അവിഭാജ്യഘടകമായി പുനർനിർവചിക്കുകയാണ് കേരളം ഇനി ചെയ്യേണ്ടത്. ജില്ലാതല മുന്നറിയിപ്പുകളില്‍നിന്ന് താലൂക്ക്, വില്ലേജ് തലത്തിലുള്ള അപകടസാധ്യതാ മുന്നറിയിപ്പുകളിലേക്ക് കേരളം മാറേണ്ട സമയമാണിത്. തദ്ദേശീയ റഡാറുകള്‍, ഓട്ടോമാറ്റിക് മഴമാപിനികള്‍, നദീജലനിരപ്പ് നിരീക്ഷണ സംവിധാനങ്ങള്‍, മണ്ണിടിച്ചില്‍ സാധ്യതാ സെന്‍സറുകള്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ ഏകോപിപ്പിച്ച്‌ തത്സമയ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയണം. നമ്മുടെ മുന്നറിയിപ്പ് സംവിധാനങ്ങളെ കൂടുതല്‍ കൃത്യവും പ്രാദേശികവുമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഒരോ ദുരന്തവും ഓര്‍മിപ്പിക്കുന്നത്.

നേരത്തെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള കാലാവസ്ഥാ വിവരങ്ങള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകള്‍ വഴി നമുക്ക് ലഭ്യമാകുമായിരുന്നു. എന്നാല്‍ രണ്ടുവർഷമായി അവ ലഭ്യമല്ലെന്നത് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകർ ഉള്‍പ്പെടെ ഉള്ളവരെ വലച്ചിട്ടുണ്ട്. കാലാവസ്ഥയെ കൈയിലൊതുക്കാൻ മനുഷ്യര്‍ക്കാവില്ലെങ്കിലും, അപകടസാധ്യത തിരിച്ചറിയാനും സമയബന്ധിതമായി ജനങ്ങളെ അറിയിക്കാനും ആവശ്യമായ ശാസ്ത്രീയ സംവിധാനങ്ങളും സാങ്കേതിക ശേഷിയും വികസിപ്പിക്കാനും നമുക്ക്‌ കഴിയും. ഇനിയും മഴ പെയ്യും മണ്ണിടിയും ഉരുള്‍ പൊട്ടും. മലകളും മനുഷ്യരും അവിടെയുണ്ടാകും. ദീർഘകാല പദ്ധതികള്‍ക്കു പകരം അലർട്ടുകള്‍ മതിയോ? എന്ന ചോദ്യം ഉയരേണ്ടതുണ്ട്...

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam