Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പില്‍ വിപ്ലവം! ഇത് ആഫ്രിക്കൻ ഫുട്ബോളിൻ്റെ സുവര്‍ണ്ണകാലം

ലോകകപ്പില്‍ വിപ്ലവം! ഇത് ആഫ്രിക്കൻ ഫുട്ബോളിൻ്റെ സുവര്‍ണ്ണകാലം

News Malayalam 0 months ago

ന്യൂയോർക്ക്: പതിറ്റാണ്ടുകളായി ഫുട്ബോള്‍ ലോകകപ്പ് എന്നാല്‍ ഏഷ്യയും ആഫ്രിക്കയും ഇടയ്ക്കിടെ അട്ടിമറികള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു ടൂർണമെൻ്റ് മാത്രമായിരുന്നു.

2026 ലോകകപ്പിലേക്ക് വരുമ്പോള്‍ ആഫ്രിക്കൻ ഫുട്ബോള്‍ ടീമുകള്‍ അതിശയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ആ പഴയ ധാരണകളെ തിരുത്തിമുന്നേറുകയാണ്. എന്നാല്‍ പതിവ് പോലെ ജപ്പാനൊഴികെയുള്ള ഏഷ്യൻ ടീമുകള്‍ വിശ്വവേദിയില്‍ വീണ്ടും നിരാശപ്പെടുത്തുന്നത് തുടരുകയുമാണ്.

48 ടീമുകളുമായി തുടങ്ങിയ ലോകകപ്പില്‍ ഇപ്പോള്‍ ശേഷിക്കുന്നത് 32 ടീമുകളാണ്. 10 ആഫ്രിക്കൻ ടീമുകള്‍ ലോകകപ്പ് കളിക്കാനെത്തിയെങ്കില്‍ ഇക്കുറി അതില്‍ ഒമ്പത് ടീമുകളും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ആഫ്രിക്കൻ വൻകരയെ സംബന്ധിച്ച്‌ ചരിത്രപരമായൊരു നേട്ടമാണിത്. അതേസമയം, ഏഷ്യയില്‍ നിന്ന് വെറും രണ്ട് ടീമുകള്‍ മാത്രമാണ് റൗണ്ട് ഓഫ് 32വിലേക്ക് മുന്നേറിയത്. ഏഷ്യൻ ടീമുകളുടെ മോശം പ്രകടനത്തിന് കാരണം കളിക്കാർക്ക് ആഗോളതലത്തില്‍ ഉയർന്ന നിലവാരമുള്ള മത്സരങ്ങളിലെ പരിചയക്കുറവ് ആണെന്നാണ് ജോർദാൻ കോച്ച്‌ ജമാല്‍ സെല്ലാമി പറയുന്നത്. ജോർദാൻ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയിരുന്നു.

"ഞങ്ങളുടെ കളിക്കാർ ചെറുപ്പക്കാരാണ്. ഇവിടെ ഞങ്ങള്‍ക്ക് ലഭിച്ച അനുഭവം പ്രയോജനപ്പെടുത്തുകയും ഉയർന്ന തലത്തിലുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം ഉറപ്പാക്കുകയും വേണം," അർജൻ്റീനയോട് 3-1ന് പരാജയപ്പെട്ട ശേഷം സെല്ലാമി പറഞ്ഞു. "നേരത്തെ ആഫ്രിക്കൻ ടീമുകള്‍ എങ്ങനെയായിരുന്നു എന്ന് ഓർമയില്ലേ. എന്നാല്‍ ഈ ലോകകപ്പില്‍ കളിച്ച 10 ആഫ്രിക്കൻ ടീമുകളില്‍ ഒമ്പത് ടീമുകളും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. നിർഭാഗ്യവശാല്‍ ഏഷ്യയ്ക്ക് അങ്ങനെയല്ല. ആ ഉയർന്ന തലത്തില്‍ കളിക്കാൻ ഞങ്ങള്‍ക്ക് കൂടുതല്‍ കളിക്കാരെ ആവശ്യമാണ്,"സെല്ലാമി പറഞ്ഞുനിർത്തി.

ലോകകപ്പ് റൗണ്ട് ഓഫ് 32വിലെ ടീമുകള്‍ ഏതൊക്കെ? സമ്പൂർണ നോക്കൗട്ട് ഷെഡ്യൂള്‍ അറിയാം

ഏഷ്യൻ ഫുട്ബോളിൻ്റെയാകെ പ്രതീക്ഷയായി മാറാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ജപ്പാൻ കോച്ച്‌ ഹാജിമെ മൊറിയാസു പറയുന്നത്. ഏഷ്യൻ ടീമുകളുടെ മോശം പ്രകടനം അദ്ദേഹത്തേയും നിരാശപ്പെടുത്തുന്നുണ്ട്. സ്വീഡനുമായി 1-1 സമനില വഴങ്ങിയ ശേഷം, ഗ്രൂപ്പ് എഫില്‍ നെതർലൻഡ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ റൗണ്ട് ഓഫ് 32വില്‍ സ്ഥാനം ഉറപ്പിച്ചത്. രണ്ടാം റൗണ്ടില്‍ അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിനെയാണ് സമുറായ് ബ്ലൂ ഇനി നേരിടേണ്ടത്. സ്വന്തം രാജ്യത്തിൻ്റെ മാത്രമല്ല, ഏഷ്യൻ വൻകരയുടെ മുഴുവൻ അഭിലാഷങ്ങളും അവർ ചുമലിലേറ്റുന്നുണ്ട്.

ജപ്പാനോട് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ വൈരാഗ്യം കൊണ്ടുനടക്കുന്നൊരു രാജ്യമാണ് ചൈന. എന്നാല്‍ ടുണീഷ്യയ്ക്കെതിരായ ജപ്പാൻ്റെ 4-0ൻ്റെ തകർപ്പൻ ജയം ഷാങ്ഹായിലെ ചൈനീസ് ഫുട്ബോള്‍ ആരാധകർ ആഘോഷിക്കുന്ന വീഡീയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പറക്കുന്നുണ്ട്. രാഷ്ട്രീയമായ പകപോക്കലൊക്കെ മാറ്റിവച്ച്‌ ഏഷ്യയിലെ സ്വന്തം ടീമുകളിലൊന്നിൻ്റെ വിജയമാഘോഷിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൊറിയാസുവിൻ്റെ ഇപ്പോഴത്തെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

നോക്കൗട്ടില്‍ അർജൻ്റീനയെ ഞെട്ടിക്കുമോ കേപ് വെർഡെ? കുഞ്ഞൻ രാജ്യത്തിൻ്റെ ബിഗ് സർപ്രൈസ്!

"ഞങ്ങള്‍ ജപ്പാനെന്ന രാജ്യത്തൊണ് പ്രതിനിധീകരിക്കുന്നത്. അതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനവുമുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ തീർച്ചയായും ഞങ്ങള്‍ ഏഷ്യയെ അപ്പാടെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ലോകകപ്പില്‍ മറ്റു ഏഷ്യൻ ടീമുകള്‍ പ്രതീക്ഷിച്ച പോലെ വിജയകരമല്ലെന്ന് എനിക്കറിയാം. മറ്റ് ഏഷ്യൻ ടീമുകളെയും പ്രചോദിപ്പിക്കാൻ ഞങ്ങള്‍ക്ക് കഴിയണമെന്നാണ് ആഗ്രഹം. ഞങ്ങള്‍ അവരുടെ പ്രതീക്ഷയായി മാറാനാണ് ആഗ്രഹിക്കുന്നത്," എന്നുമാണ് മൊറിയാസു പറഞ്ഞുനിർത്തുന്നത്.

ലോകകപ്പ് സെമി ഫൈനലില്‍ എത്തിയ ഏക ഏഷ്യൻ ടീമായ ദക്ഷിണ കൊറിയ, ആഫ്രിക്കക്കാർക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്യാപ്റ്റൻ സണ്‍ ഹ്യൂങ്-മിൻ ഇല്ലാതെ വളരെ ദുർബലമായ ഒരു ടീമിനെ കളത്തിലിറക്കിയതിന് വലിയ വില നല്‍കേണ്ടി വന്നു എന്നതും ദുഃഖകരമാണ്. ജപ്പാനൊപ്പം ഓസ്‌ട്രേലിയയാണ് നോക്കൗട്ട് റൗണ്ടുകളിലേക്ക് മുന്നേറിയ രണ്ടാമത്തെ ടീം. ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഇറാൻ, ജോർദാൻ, ഖത്തർ, ഉസ്ബെക്കിസ്ഥാൻ എന്നീ ഏഷ്യൻ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.

ഇനി ആഫ്രിക്കൻ രാജ്യങ്ങളുടെ നേട്ടങ്ങളെക്കുറിച്ച്‌ പറയാം... 2014, 2022 ലോകകപ്പുകളില്‍ പ്രീ ക്വാർട്ടറിലേക്ക് ഒരുമിച്ച്‌ രണ്ട് ആഫ്രിക്കൻ രാജ്യങ്ങള്‍ മുന്നേറിയതാണ് ആഫ്രിക്കൻ വൻകരയുടെ മികച്ച ഫുട്ബോള്‍ ഓർമകള്‍... എന്നാല്‍ ഇക്കുറി സീൻ വേറെയാണ്. ഇതിനോടകം 9 ടീമുകള്‍ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിക്കഴിഞ്ഞു. കൂട്ടത്തില്‍ ഏറെ മികച്ച പ്രകടനം നടത്തുന്നത് ലോകകപ്പ് കളിക്കുന്ന ഏറ്റവും കുഞ്ഞൻ രാജ്യമായ കേപ് വെർഡെയാണ്. സ്പെയിൻ, യുറുഗ്വെ പോലുള്ള വമ്പൻ ടീമുകലെ സമനിലയില്‍ തളച്ച്‌ ആദ്യ റൗണ്ടില്‍ തോല്‍വി അറിയാതെ നിർഭയം മുന്നേറിയ അവർ ആഫ്രിക്കയുടെ ഗരിമ ഉയർത്തുകയാണ്.

പോർച്ചുഗലിനെ സമനിലയില്‍ തളച്ച്‌ ഗ്രൂപ്പ് ചാംപ്യന്മാരായി കൊളംബിയ; ഉസ്ബെക്കിസ്ഥാനെ തകർത്ത് നോക്കൗട്ടിലെത്തി കോംഗോ

കേപ് വെർഡെയുടെ കോച്ച്‌ പെഡ്രോ ലീറ്റാവോ വാക്കുകള്‍ ശ്രദ്ധിക്കാം. "ശ്രദ്ധയും ദൃഢനിശ്ചയവും സംഘാടന മികവും ഉണ്ടെങ്കില്‍.. ചെറിയ രാജ്യങ്ങള്‍ക്കും വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ കഴിയുമെന്നതിൻ്റെ ഒരു ഉദാഹരണമായി ഞങ്ങള്‍ മാറിയിരിക്കുന്നു. അസാധ്യമായി ഒന്നുമില്ലെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഞങ്ങള്‍ കേപ് വെർഡെയെ ആണ് പ്രതിനിധീകരിക്കുന്നതെങ്കിലും, ഒപ്പം ആഫ്രിക്കയേയും ലോകമെമ്പാടുമുള്ള ചെറിയ രാജ്യങ്ങളെ കൂടി ഞങ്ങള്‍ പ്രതിനിധീകരിക്കുന്നുണ്ട്," നോക്കൗട്ട് യോഗ്യത നേടിയ ശേഷം കോച്ച്‌ പെഡ്രോ പറഞ്ഞു.

"അർജൻ്റീനയുമായി കളിക്കാൻ കഴിയുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. അർജൻ്റീനയുമായി ഞങ്ങള്‍ക്ക് ദീർഘകാല ബന്ധമുള്ളതാണ്. എന്നാല്‍ എല്ലാറ്റിനുമുപരി എതിരാളി ആരായാലും ഞങ്ങളുടെ സ്വന്തം ഐഡൻ്റിറ്റി ഉപയോഗിച്ച്‌ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ചിലർ അർജൻ്റീനയിലുണ്ടെന്നും... എക്കാലത്തേയും മികച്ച കളിക്കാരനാണെന്ന് ചിലർ വിശ്വസിക്കുന്ന മെസ്സി അവർക്കൊപ്പം ഉണ്ടെന്നും അറിഞ്ഞുകൊണ്ട്, ഉത്തരവാദിത്തത്തോടെയും പോസിറ്റീവായ മനോഭാവത്തോടെയും ഞങ്ങള്‍ ഞങ്ങളുടെ കളി കളിക്കും,"കേപ് വെർഡെയുടെ കോച്ച്‌ കൂട്ടിച്ചേർത്തു.

ഇറാഖിനെ അഞ്ചടിയില്‍ തീർത്ത് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി നിലനിർത്തി സെനഗല്‍

ഖത്തറില്‍ സെമി ഫൈനലിലേക്കുള്ള തങ്ങളുടെ മുന്നേറ്റം അപ്രതീക്ഷിതമായ സംഭവമല്ലെന്ന് മൊറോക്കോ ലോകകപ്പില്‍ തെളിയിച്ചു കഴിഞ്ഞു. അതേസമയം നോർവേയോടും ഫ്രാൻസിനോടുമുള്ള തോല്‍വികളില്‍ നിന്ന് സെനഗല്‍ കരകയറി അവസാന ഘട്ടത്തില്‍ രണ്ടാം റൗണ്ടിലേക്ക് കയറിപ്പറ്റി. ഗ്രൂപ്പ് ജിയില്‍ ഒരു വിജയവും രണ്ട് സമനിലയുമായി ഈജിപ്ത് രണ്ടാം സ്ഥാനക്കാരായി. ജർമനിയോടുള്ള തോല്‍വിക്ക് മറുപടിയായി ഐവറി കോസ്റ്റ് ക്യുറസാവോയേയും ഇക്വഡോറിനേയും പരാജയപ്പെടുത്തി. അള്‍ജീരിയയും സെനഗലും ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരില്‍.. ആറാമത്തെയും എട്ടാമത്തെയും മികച്ച ടീമുകളായി. ഖത്തറില്‍ പ്രീ ക്വാർട്ടറിലെത്തിയ ദക്ഷിണ കൊറിയയ്‌ക്കെതിരായ അപ്രതീക്ഷിത വിജയത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam