Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നോക്കൗട്ടില്‍ അര്‍ജൻ്റീനയെ ഞെട്ടിക്കുമോ കേപ് വെര്‍ഡെ? കുഞ്ഞൻ രാജ്യത്തിൻ്റെ ബിഗ് സര്‍പ്രൈസ്!

നോക്കൗട്ടില്‍ അര്‍ജൻ്റീനയെ ഞെട്ടിക്കുമോ കേപ് വെര്‍ഡെ? കുഞ്ഞൻ രാജ്യത്തിൻ്റെ ബിഗ് സര്‍പ്രൈസ്!

News Malayalam 1 month ago

ന്യൂയോർക്ക്: ആലപ്പുഴ നഗരസഭയുടെ അത്രയും ജനസംഖ്യയുള്ളൊരു കുഞ്ഞൻ രാജ്യം! പശ്ചിമ ആഫ്രിക്കയില്‍ നിന്നും ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കേപ് വെർഡെ...

ലോകകപ്പിലെ ആദ്യ റൗണ്ടില്‍ കറുത്ത കുതിരകളായി മാറി കാല്‍പന്ത് പ്രേമികള്‍ക്ക് രോമാഞ്ചം സമ്മാനിക്കുകയാണ്. 140 കോടിക്ക് മുകളില്‍ ജനസംഖ്യയുള്ള ഇന്ത്യയൊക്കെ ലോകകപ്പിന് യോഗ്യത നേടാതെ പുറത്തിരിക്കുമ്പോള്‍... അഞ്ചര ലക്ഷത്തോളം ജനസംഖ്യയുള്ളൊരു ദ്വീപില്‍ നിന്നാണ് വിശ്വവേദിയെ വിസ്മയിപ്പിക്കാൻ അവരെത്തിയത്. ഗ്രൂപ്പ് എച്ചില്‍ നിന്നും യുറുഗ്വെയേയും സൗദി അറേബ്യയേയുമൊക്കെ പോയിൻ്റ് നിലയില്‍ പിന്നിലാക്കി... സ്പെയിനിന് പിന്നില്‍ രണ്ടാംസ്ഥാനക്കാരായി അവർ നോക്കൗട്ടിലേക്ക് മുന്നേറുമ്പോള്‍ പലരും കണ്ണുതള്ളിയിരിപ്പാണ്! 2026 യുഎസ് ലോകകപ്പിലെ കറുത്ത കുതിരകളായി മാറി... ഇനിയും പല സർപ്രൈസുകളും കാണിക്കാൻ സജ്ജരാണ് കേപ് വെർഡെയുടെ പോരാളികള്‍.

ലോകകപ്പിൻ്റെ ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് എച്ചിലെ ഏറ്റവും കരുത്തരായ സാക്ഷാല്‍ സ്പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേപ് വെർഡെ അരങ്ങേറ്റം കളറാക്കിയത്. ലോകകപ്പിലെ ആദ്യത്തെ പോയിൻ്റും ആ മാച്ചിലൂടെ അവർ പൊരുതി നേടിയെടുത്തു. പാറ പോലുറച്ച പ്രതിരോധന നിരയുടെ കരുത്ത് കൊണ്ടും... പ്രായം 40 പിന്നിട്ടൊരു ഗോള്‍കീപ്പറുടെ അസാധ്യ സേവുകള്‍ കൊണ്ടും.. ഈ കുഞ്ഞൻ ദ്വീപ് രാജ്യം ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയെടുത്തിരിക്കുകയാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് ഗോളുകള്‍ മാത്രം വഴങ്ങിയ കേപ് വെർഡെയുടെ പ്രതിരോധക്കോട്ട ഈ ടൂർണമെൻ്റിലെ തന്നെ ഏറ്റവും ശക്തമായതാണ്. ഈ വിശ്വകപ്പില്‍ ഒരു കൊടുങ്കാറ്റിലും ആടിയുലയാത്ത കപ്പല് പോലെയായിരുന്നു കേപ് വെർഡെ ടീമിൻ്റെയാകെ പ്രകടനം. സ്പെയിനിനെ നേരിടുമ്പോള്‍ അവർക്ക് ആപത്തില്‍ രക്ഷകനായി ഒരു കപ്പിത്താനുണ്ടായിരുന്നു... കേപ് കോട്ടയ്ക്ക് കാവലായ് ഒരിക്കലും ചോരാത്ത കൈകളുമായി വൊസീഞ്ഞയെന്ന ചേകവൻ അവരുടെ രക്ഷയ്ക്കെത്തിയിരുന്നു. കേപ് വെർഡെയുടെ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി സ്പാനിഷ് മുന്നേറ്റനിര 23 ഷോട്ടുകളാണ് ഉതിർത്തത്. അതില്‍ 8 ഷോട്ടുകള്‍ ഓണ്‍ ടാർഗറ്റിലേക്കായിരുന്നു. എന്നാല്‍ അതെല്ലാം ഗോള്‍കീപ്പർ വൊസീഞ്ഞയും പ്രതിരോധ ഭടന്മാരും ചേർന്ന് ധീരമായി തടഞ്ഞിട്ടു.

ചരിത്രം കുറിച്ച്‌ കാബോ വെർഡെ നോക്കൗട്ടില്‍; യുറുഗ്വെയെ വീഴ്ത്തി ഗ്രൂപ്പ് ചാംപ്യന്മാരായി സ്പെയിൻ രണ്ടാം റൗണ്ടിലേക്ക്

സൗദി അറേബ്യക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലും ക്ലീൻ ഷീറ്റുമായി വൊസീഞ്ഞ തിളങ്ങി. യുറുഗ്വെയോട് രണ്ട് ഗോള്‍ വഴങ്ങിയ മത്സരത്തില്‍, അത്രയും തന്നെ ഗോളുകള്‍ തിരിച്ചടിച്ച്‌ പോരാട്ടവീര്യത്തില്‍ തങ്ങളൊട്ടും പിന്നിലല്ലെന്ന് കേപ് വെർഡെയുടെ മുന്നേറ്റനിരയും ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മിയാമിയില്‍ നടന്ന മത്സരത്തില്‍ 20ാം മിനിറ്റില്‍ കെവിൻ പിനയിലൂടെ കേപ് വെർഡെയാണ് ആദ്യം ലീഡെടുത്തത്. രാജ്യത്തിൻ്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ യുറുഗ്വെ ശക്തമായി തിരിച്ചടിച്ചു.

43ാം മിനിറ്റില്‍ മാക്സിമിലിയാനോ അരൗഹോയും, ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അഗസ്റ്റിൻ കനോബിയോയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ ഉറുഗ്വെ 2-1ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ വിട്ടുകൊടുക്കാതെ പൊരുതിയ കേപ് വെർഡെ.. 60ാം മിനിറ്റില്‍ ഹീലിയോ വരേലയിലൂടെ സമനില പിടിച്ചെടുത്തു. ഡാർവിൻ നൂനെസ്, ഫെഡറിക്കോ വാല്‍വെർഡെ എന്നിവരടങ്ങിയ യുറുഗ്വെ സൂപ്പർ താരനിര അവസാന നിമിഷം വരെയും ഗോളിനായി പൊരുതിയെങ്കിലും, ആഫ്രിക്കൻ പ്രതിരോധം അവർക്ക് മുന്നില്‍ കോട്ട പോലെ ഉറച്ചുനിന്നു. ആദ്യ ലോകകപ്പ് കളിക്കുന്ന കാബോ വെർഡെ മൂന്ന് സമനിലകളോടെയാണ് രണ്ടാം റൗണ്ടിലേക്ക് വരുന്നത്. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ സൗദി അറേബ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെ 3 പോയിൻ്റുമായാണ് അവർ ഗ്രൂപ്പില്‍ രണ്ടാമതെത്തിയത്.

ഈ കുഞ്ഞൻ ദ്വീപ് രാഷ്ട്രത്തെ നയിക്കുന്നത് കേവലം ഭാഗ്യമല്ല. വിദേശങ്ങളില്‍ ചിതറിക്കിടന്ന തങ്ങളുടെ പ്രതിഭകളെ ഡിജിറ്റല്‍ യുഗത്തിൻ്റെ സാധ്യതകള്‍ വച്ച്‌ അവർ ഒന്നിപ്പിച്ചെടുത്ത നിശ്ചയദാർഢ്യമാണ്. പശ്ചിമാഫ്രിക്കൻ തീരത്തെ അഞ്ച് ലക്ഷം ജനസംഖ്യയുള്ള ഈ കുഞ്ഞൻ രാജ്യം തങ്ങളുടെ പ്രധാന ഡിഫൻഡറായ റോബർട്ടോ ലോപ്‌സിനെ ടീമിലെത്തിച്ചത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്‌ഡ്‌ഇൻ വഴിയായിരുന്നു.

ഇറാഖിനെ അഞ്ചടിയില്‍ തീർത്ത് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി നിലനിർത്തി സെനഗല്‍

കേപ് വെർഡിയൻ ഫുട്ബോള്‍ ഫെഡറേഷൻ തങ്ങളുടെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങളെ മറികടക്കാൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന കേപ് വെർഡെ വംശജരായ കളിക്കാരെ ഇൻ്റർനെറ്റിലൂടെ തിരയാൻ തുടങ്ങി. അങ്ങനെയാണ് 2019ല്‍ അയർലൻഡില്‍ ജനിച്ച, പ്രമുഖ ഐറിഷ് ക്ലബ് ഷാംറോക്ക് റോവേഴ്സിൻ്റെ ഡിഫൻഡറായ റോബർട്ടോ ലോപ്‌സിനെ അവർ കണ്ടെത്തുന്നത്. കോളേജ് പഠനകാലത്ത് തുടങ്ങിയ ലിങ്ക്‌ഡ്‌ഇൻ അക്കൗണ്ടിലേക്ക് പോർച്ചുഗീസ് ഭാഷയില്‍ ഒരു സന്ദേശം വന്നപ്പോള്‍ അത് സ്പാം സന്ദേശമാകുമെന്ന് കരുതി ലോപ്‌സ് അത് അവഗണിച്ചു. 9 മാസങ്ങള്‍ക്ക് ശേഷം അന്നത്തെ പരിശീലകൻ റൂയി അഗ്വാസ് ഇംഗ്ലീഷില്‍ വീണ്ടും സന്ദേശമയച്ചപ്പോഴാണ് ലോപ്‌സ് അതിൻ്റെ യാഥാർഥ്യം തിരിച്ചറിഞ്ഞത്. തൻ്റെ പിതാവിൻ്റെ മാതൃരാജ്യത്തിനായി അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കാനുള്ള ക്ഷണമായിരുന്നു അത്. ഓഫർ സ്വീകരിച്ച ലോപ്സ് ഇന്ന് കേപ് വെർഡെ പ്രതിരോധത്തിൻ്റെ അവിഭാജ്യ ഘടകമായി ലോകകപ്പ് വേദിയിലെത്തി നില്‍ക്കുന്നു.

ഫ്രാൻസ്, പോർച്ചുഗല്‍, നെതർലൻഡ്‌സ്, അയർലൻഡ് എന്നിങ്ങനെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും ലീഗുകളില്‍ നിന്നും എത്തിയ കളിക്കാരായതിനാല്‍ പലരും വ്യത്യസ്‌ത ഭാഷകളാണ് സംസാരിച്ചിരുന്നത്. എന്നാല്‍ ടീമില്‍ ഒത്തൊരുമയും ഒരു ദേശീയ വികാരവും വളർത്തിയെടുക്കാൻ കോച്ചിങ് സ്റ്റാഫ് ഒരു പ്രധാന നിയമം കൊണ്ടുവന്നു. പരിശീലന വേളകളിലും ഡ്രസിങ് റൂമിലും കളിക്കാർ കേപ് വെർഡെയുടെ ഔദ്യോഗിക പ്രാദേശിക ഭാഷയായ 'ക്രിയോള്‍' മാത്രമേ സംസാരിക്കാവൂ എന്നതായിരുന്നു ആ നിയമം. ഈ ഐക്യമാണ് ലോകകപ്പിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ മൂന്നാമത്തെ രാജ്യമായിട്ടും അവരെ ലോകകപ്പ് എന്ന വിശ്വവേദിയിലേക്ക് എത്തിച്ചത്.

അർജൻ്റീന vs കേപ് വെർഡെ

ജൂലൈ നാലിന് പുലർച്ചെ 3.30ന് നടക്കുന്ന 'റൗണ്ട് 32'വിലെ നോക്കൗട്ട് പോരാട്ടത്തില്‍... നിലവിലെ ലോക ചാംപ്യന്മാരായ അർജൻ്റീനയാണ് കേപ് വെർഡെയുടെ എതിരാളികള്‍. ലോകകപ്പിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ സാക്ഷാല്‍ മെസ്സിയുടെ പടയോട്ടത്തിന് തടയിടാൻ വൊസീഞ്ഞയ്ക്കും കൂട്ടർക്കും കഴിയുമോ എന്നത് കാത്തിരുന്ന് തന്നെ കാണാം. ഇനി തോറ്റാലും അവർക്ക് തലയുയർത്തി തന്നെ മടങ്ങാം!

ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ എത്തിയ ടീമുകള്‍ ഏതൊക്കെയാണ്?
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam