കെഎസ്‌ആർടിസി പ്രിയദർശിനി ബസ് യാത്രാസൗജന്യ പദ്ധതിയെയും അത് ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെയും അവഹേളിക്കുന്ന രീതിയിലുള്ള ഗതാഗത മന്ത്രിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
സർക്കാർ ആനുകൂല്യം നല്‍കുന്നത് ഔദാര്യമാണെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചതെന്നും സ്ത്രീവിരുദ്ധത നിറഞ്ഞ ഇത്തരം പരാമർശങ്ങള്‍ ഒരു ജനപ്രതിനിധിയില്‍ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിമർശനമുയർന്നു. ചില പ്രയോഗങ്ങള്‍ ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും വാക്കുകളില്‍ ശ്രദ്ധ പുലർത്താമെന്നും പറഞ്ഞ് വിമർശനങ്ങളെ ഒതുക്കാൻ മന്ത്രി പിന്നീട് ശ്രമിച്ചെങ്കിലും കാര്യമായി ഫലം ചെയ്തില്ല. തെറ്റായ പരാമർശം ഒന്നും നടത്തിയിട്ടില്ല എന്ന് മന്ത്രി ആവർത്തിക്കുമ്പോള്‍ വിഷയം അവിടെത്തന്നെ നില്‍ക്കുകയാണ്.
സർക്കാരിന്റെ സൗജന്യം ഔദാര്യമോ?
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനം പാലക്കാട് ഉദ്ഘാടനം ചെയ്യവേ മന്ത്രി സി.പി. ജോണിന്റെ പ്രസ്താവനകള്‍ ഇങ്ങനെയായിരുന്നു-
''കേരളത്തിലെ ജനങ്ങളുടെ ബിഹേവിയർ എനിക്ക് മനസ്സിലാകുന്നില്ല. പാവപ്പെട്ടവനായി പണക്കാരൻ അഭിനയിക്കുന്നു, പരമ ദരിദ്രനായി അഭിനയിക്കുന്നു. അഭിനയമെന്നാല്‍ ചെറിയ കാര്യമല്ല. ബസ്സിന് കാശില്ലാത്ത സ്ത്രീ, സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നു. സർക്കാർ സ്കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുമ്പോഴും ഫീസ് കൊടുക്കേണ്ടാത്ത സ്കൂളുകളില്‍ പോകാതെ പ്രൈവറ്റ് സ്കൂളില്‍ അയക്കുന്നു. എന്നാല്‍, അസുഖം വന്നാല്‍ ഇതേ സ്ത്രീ തന്റെ അച്ഛനെയും ഭർത്താവിനെയും കൊണ്ട് ഗവ. ആശുപത്രിയുടെ വരാന്തയില്‍ കിടക്കുന്നു. ബസ് വന്നാല്‍, കാശ് കുറഞ്ഞ ട്രാൻസ്പോർട്ടില്‍ തള്ളിക്കയറും. എന്നാല്‍, തൊട്ടപ്പുറത്ത് കുട്ടികളെ ചേർക്കുന്നത് ഫീസ് കൊടുക്കുന്ന സ്വകാര്യ സ്കൂളിലാണ്. അസുഖം വന്നാല്‍ പ്രൈവറ്റ് ആശുപത്രിയില്‍ പോകാൻ പേടിയാണ്. കാരണം അവിടെ കൊടുക്കാൻ പൈസയില്ല. പക്ഷേ, പ്രിയദർശിനി വന്നപ്പോള്‍ നിങ്ങളുടെ ബസ് വിട്ട് പ്രിയദർശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകള്‍ പോകുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുകയാണ്..."
ദുരന്ത പ്രതിരോധം മുന്നറിയിപ്പില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ?മന്ത്രിയുടെ വാക്കുകള്‍ വളരെ പെട്ടന്നുതന്നെ വിവാദമായി.... ''പാവപ്പെട്ടവർക്ക് ആനുകൂല്യം കൊടുത്ത ശേഷം അത് പറഞ്ഞ് ആക്ഷേപിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് മാനസികമായി പീഡിപ്പിക്കുന്നത് പോലെയാണെന്നും സിപിഐഎം നേതാവ് വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ധിക്കാരമെന്ന് കെ.എൻ. ബാലഗോപാലും പ്രതികരിച്ചു. കാര്യം കൈവിട്ടുപോകുന്നത് കണ്ട മന്ത്രി പെട്ടന്ന് തന്നെ പ്രസ്താവന തിരുത്തി. പാവപ്പെട്ടവർ തങ്ങള്‍ പാവപ്പെട്ടവരാണ് എന്ന് നാലു പ്രാവശ്യം പരസ്യമായി പറയുന്ന സാഹചര്യം ഒഴിവാക്കാനാണ് എല്ലാ സ്ത്രീകള്‍ക്കും യാതൊരു കാർഡുകളും പരിശോധിക്കാതെ സൗജന്യ യാത്ര ഉറപ്പുവരുത്തുന്ന പദ്ധതി കൊണ്ടുവന്നതെന്നും ഇനി മുതല്‍ ശ്രദ്ധയോടുകൂടി സംസാരിക്കാമെന്നും പറഞ്ഞ് മന്ത്രി വിവാദത്തില്‍ നിന്ന് തലയൂരാൻ ശ്രമം നടത്തി. ഇതിനിടെ വിഷയത്തില്‍ ഡി.വൈ.എഫ്‌ഐ ഉള്‍പ്പെടെ ഇടതു സംഘടനകള്‍ പ്രത്യക്ഷ പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.
കെഎസ്‌ആർടിസിയുടെ അവസ്ഥയില്‍ നിന്നുണ്ടായ പ്രതികരണം
പുരുഷന്മാർക്ക് സൗജന്യം നല്‍കിയാല്‍ ആ പണം വീട്ടിലെത്തില്ലെന്നും അത് എവിടെ പോകുമെന്ന് അറിയാമല്ലോ' എന്ന പുരുഷന്മാരെ അധിക്ഷേപിച്ചുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന നേരത്തെ എതിർപ്പിനിടയാക്കിയിരുന്നു. പ്രിയദർശിനി പദ്ധതിക്ക് 600 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയത്. അതായത്, പ്രതിമാസം 50 കോടി രൂപ. എന്നാല്‍, ഇതിലൂടെ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന പ്രതിമാസ നഷ്ടം 90 കോടി രൂപയിലേറെ വരും. പദ്ധതി നിലവില്‍വന്ന ജൂണ്‍ 15 മുതല്‍ 30 വരെ സീറോ ടിക്കറ്റ് നല്‍കിയതുവഴി 45.5 കോടി രൂപയുടെ നഷ്ടമുണ്ടായി. ജൂലൈ ഒന്നുമുതല്‍ 22വരെ നഷ്ടം 67 കോടി രൂപയാണ്. പദ്ധതി ആരംഭിച്ചതോടെ പ്രതിദിന ടിക്കറ്റ് വരുമാനത്തിലുണ്ടായ വലിയ ഇടിവ് കാരണം കോർപറേഷന്റെ സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമായി.
സ്വകാര്യ ബസ് മേഖലയില്‍ നിന്നും വൻ എതിർപ്പാണ് ഈ തീരുമാനം ക്ഷണിച്ചുവരുത്തിയത്. ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതി ഗുണം ചെയ്തിട്ടുണ്ട്. അതോടൊപ്പം സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ള സ്ത്രീകള്‍ സൗജന്യപദ്ധതി ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതാണ് മന്ത്രി പ്രസംഗത്തില്‍ സൂചിപ്പിക്കുന്നത്. യുഡിഎഫ് മുന്നണിയുടെ പ്രകടന പത്രികയിലെ ഇന്ദിര ഗ്യാരണ്ടി വാഗ്ദാനമാണ് പ്രിയദർശിനി സൗജന്യ ബസ് യാത്ര. സർക്കാരിന്റെ ക്ഷേമപദ്ധതികള്‍ ഔദാര്യമല്ലെന്നും അവകാശമാണെന്നും മന്ത്രിയെ പോലും പഠിപ്പിക്കേണ്ട അവസ്ഥയിലാണ് കേരളം.
സൗജന്യങ്ങള്‍ക്കെതിരെ മുമ്പേ ഉയർന്ന വിമർശനങ്ങള്‍
"സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി, സൗജന്യ സൈക്കിള്‍... ഇങ്ങനെയുള്ള വിതരണത്തിലൂടെ എന്തുതരം സംസ്കാരമാണ് നിങ്ങള്‍ വളർത്തിയെടുക്കുന്നത്?" തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്, സംസ്ഥാനങ്ങളുടെ സൗജന്യ വിതരണങ്ങള്‍ക്കെതിരെ സുപ്രീം കോടതി ഇങ്ങനെ ചോദിച്ചത് 2026 ഫെബ്രുവരി 19-ന് ആയിരുന്നു. വളരെയധികം ചർച്ചകള്‍ക്ക് ഇടവരുത്തിയ ചോദ്യമായിരുന്നു ഇത്. അനിയന്ത്രിതമായ സൗജന്യ വിതരണം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെയും പൊതുഖജനാവിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുമെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ വലിയ കടക്കെണിയിലാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പാവപ്പെട്ടവർക്ക് ആവശ്യമായ ആരോഗ്യവും വിദ്യാഭ്യാസവും പോലുള്ള അടിസ്ഥാന ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും, സാമ്പത്തിക ശേഷി നോക്കാതെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നല്‍കുന്ന ഇത്തരം പ്രീണന നയങ്ങള്‍ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതിയുടെ അന്നത്തെ പരാമർശം വ്യാപക ചർച്ചകള്‍ക്കും എതിർപ്പിനും വഴിവെച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിക്കേ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളെക്കുറിച്ച് പലരും അന്ന് ഉയർത്തിയ പ്രധാന വിമർശനം, നാടിനെക്കൊണ്ട് ഇങ്ങനെ ദാനം ചെയ്യാൻ കഴിയുമോ എന്നതായിരുന്നു. എന്നാല്‍, നല്‍കിയതൊന്നും ദാനമല്ലെന്നും മറിച്ച് ജനങ്ങളുടെ ഒന്നാംതരം അവകാശമാണെന്നുമായിരുന്നു അന്ന് ഭരണകൂടം വ്യക്തമാക്കിയത്. കോവിഡ് കാലത്ത് കിറ്റ് നല്‍കിയപ്പോഴും സമാനമായ രീതിയില്‍ പരിഹാസങ്ങള്‍ ഉയർന്നു. സൗജന്യങ്ങള്‍ ജനത്തിന്റെ നികുതി കൊണ്ടാണെന്നും അത് അവകാശമാണെന്നും നിരന്തരം വ്യക്തമാക്കിത്തന്നെയായിരുന്നു അന്നത്തെ സർക്കാർ മുന്നോട്ടുപോയത്.
പ്രളയ പാഠം പഠിക്കാതെ കേരളംതിരിച്ചറിവുകളാണ് വേണ്ടത്
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ശേഷം, ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാധാരണക്കാരെയും പ്രത്യേകിച്ച് സ്ത്രീകളെയും അവഹേളിക്കുന്നതും അവരെ വിലകുറച്ചുകാണുന്നതും ജനാധിപത്യ ഭരണസംവിധാനത്തിന് ഒട്ടും യോജിച്ചതല്ല. സർക്കാരിന്റെ സൗജന്യ പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല, മറിച്ച് നികുതിദായകരായ ജനങ്ങളുടെ അടിസ്ഥാന അവകാശമാണെന്ന തിരിച്ചറിവ് തന്നെയാണ് ആവശ്യം. സാമ്പത്തിക ബാധ്യതകളും അനർഹരുടെ ദുരുപയോഗവും തടയാൻ കൃത്യമായ മാനദണ്ഡങ്ങളും മുൻകരുതലുകളും സർക്കാർ കൊണ്ടുവരുന്നത് നല്ലതാണ്. അല്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ജനങ്ങളെ ഇകഴ്ത്തുന്ന നടപടികള്‍ ശരിയല്ലെന്നാണ് ഉയരുന്ന പ്രതികരണങ്ങളും പ്രതിഷേധങ്ങളും അടിവരയിടുന്നത്.

