ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ന്യൂഡല്‍ഹിയിലെത്തും.
മാർക്കോ റൂബിയോയുടെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിതെന്ന് യുഎസ് എംബസി വാർത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വാരാന്ത്യത്തോടെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിച്ചേരുമെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉച്ചകോടിയുടെ കൃത്യമായ തീയതികള്‍ എംബസി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ ക്വാഡ് സഖ്യം ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ കൂട്ടായ്മയായാണ് വിലയിരുത്തപ്പെടുന്നത്. നിർണായക ധാതുക്കളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിനായി കഴിഞ്ഞ വർഷം രൂപീകരിച്ച ‘ക്രിട്ടിക്കല്‍ മിനറല്‍സ് ഇനിഷ്യേറ്റീവ്’ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചർച്ചയാകും. ചൈനയോടുള്ള സമീപനത്തില്‍ ക്വാഡ് രാജ്യങ്ങള്‍ക്ക് സമാന ചിന്താഗതിയാണുള്ളതെങ്കിലും, റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ വിഷയം എന്നിവയില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നസ്വരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ റഷ്യൻ, ഇറാൻ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ സന്ദർശനം എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.
Quad Summit: US Secretary of State Marco Rubio to visit India
The post ക്വാഡ് ഉച്ചകോടി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലേക്ക് appeared first on NRI Reporter | Global News Updates.

