Lionel Messi
കളി അവസാനിപ്പിക്കാൻ കാരണങ്ങളേറെയുണ്ടായിരുന്നു, കളി തുടരാൻ ഉണ്ടായിരുന്ന ഒരേയൊരു കാരണം ജീവവായു നിറച്ച തുകല്‍പ്പന്ത് മാത്രം..!ഫുട്‌ബോളിന്റെ വേദപുസ്തകമായിരുന്നു ലയണല്‍ മെസി. സ്വർഗകവാടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവന്റെ പഴയ നിയമവും ഉത്ഥാനത്താൻ രക്ഷണകൃത്യം പൂർത്തിയാക്കിയ ക്രിസ്തുദേവന്റെ പുതിയ നിയമവും മെസിയിലുണ്ട്. 2014 ലെ ലോകകപ്പ് തോല്‍വി, കോപ്പ അമേരിക്കയിലെ തുടർ തോല്‍വികള്‍..! രാജ്യാന്തര കരിയറില്‍ കിരീടമില്ലാത്തവനെന്ന് മുദ്രകുത്തപ്പെട്ട് അർജന്റീന ആരാധകരടക്കം എഴുതിത്തള്ളിയവൻ...! രാജ്യാന്തര കരിയറിന് വിരാമമിടുന്നത് സകല കിരീടങ്ങളിലും മുത്തമിട്ട് പരിപൂർണനാക്കപ്പെട്ട്...!
2005 ഓഗസ്റ്റ് 17 നാണ് അർജന്റീനയ്ക്കായി മെസി രാജ്യാന്തര അരങ്ങേറ്റം കുറിക്കുന്നത്. നീണ്ട 21 വർഷത്തിനിടെ വേദനയുടെ കയ്പ്പുനീരും സ്വപ്‌നസാഫല്യത്തിന്റെ മേല്‍ത്തരം വീഞ്ഞും അയാള്‍ നുകർന്നു. 207 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 125 ഗോളുകളും 60 അസിസ്റ്റുകളും. 2006 മുതല്‍ 2026 വരെ ആറ് ലോകകപ്പുകള്‍. 21 ഗോളുകളുമായി ലോകകപ്പ് ഗോള്‍വേട്ടയില്‍ രണ്ടാമൻ. ലോകകപ്പ് വേദിയില്‍ 34 മത്സരങ്ങളില്‍ കളിച്ചു, 23 ലും ജയം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളുള്ള താരം. പെനാല്‍റ്റി ഏരിയയ്ക്ക് പുറത്ത് നിന്ന് ലോകകപ്പില്‍ മാത്രം നേടിയത് ആറ് ഗോളുകള്‍. കളിച്ച ആറ് ലോകകപ്പുകളില്‍ മൂന്നിലും ഫൈനല്‍, അതില്‍ ഒരു കിരീടം. 2014 ലും 2022 ലും ലോകകപ്പിന്റെ താരം, രാജ്യാന്തര കരിയറിലെ പ്രകടനം കൂടി കണക്കിലെടുത്ത് എട്ട് ബലൻ ദ് ഓർ പുരസ്‌കാരങ്ങള്‍...! റെക്കോർഡ് പുസ്തകങ്ങളിലും മെസി കരകവിഞ്ഞൊഴുകി...!
2022 ഡിസംബർ 18 ന് ഖത്തറില്‍ കാല്‍പ്പന്ത് പോലെ ഉരുണ്ട് കിടക്കുന്ന ഈ ലോകത്തെ സാക്ഷിയാക്കി ലയണല്‍ ആന്ദ്രേ മെസിയും സ്വർഗത്തിലേക്ക് ആരോഹണം ചെയ്യപ്പെട്ടു, ലോക ഫുട്‌ബോളിലെ ഏറ്റവും സുന്ദരമായ കാഴ്ച. ഖത്തറില്‍ അയാള്‍ പരിപൂർണനാക്കപ്പെട്ടു. സ്വപ്ന സമാനമായ കരിയറില്‍ ഇനിയൊന്നും നേടിയെടുക്കാനില്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. അവഹേളനങ്ങളേയും പരിഹാസങ്ങളേയും അതിജീവിച്ചവൻ, കിരീട നഷ്ടങ്ങള്‍ക്ക് മുന്നില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ വിങ്ങി പൊട്ടിയവൻ, മാറക്കാനയില്‍ കോപ്പയില്‍ മുത്തമിട്ട് ഉയിർപ്പിക്കപ്പെട്ടവൻ, ഒടുവില്‍ ഖത്തറില്‍ പരിപൂർണനാക്കപ്പെട്ട കാഴ്ചയോളം സുന്ദരമായ മറ്റൊന്നില്ല ഈ കാല്‍പ്പന്ത് ലോകത്ത്...
മെസി ജയിച്ചത് കാല്‍പ്പന്തിനെ മാത്രമല്ല, അർജന്റീനയെയും ലോകത്തെയുമാണ്. ഒരുമയില്ലാത്ത ടീമെന്ന അപഖ്യാതി അർജന്റീനയെ വിട്ടൊഴിയുന്നത് മെസിക്ക് കീഴിലാണ്. അതിന്റെ ഏറ്റവും സുന്ദരമായ അടയാളപ്പെടുത്തലായിരുന്നു 2022 ലോകകപ്പ് ഫൈനലിലെ അവസാന നിമിഷങ്ങള്‍. ഫ്രാൻസിനെതിരായ കലാശപ്പോരിന്റെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അർജന്റീനയ്ക്ക് വേണ്ടി നാലാമത്തെ കിക്ക് എടുക്കുന്നത് ഗോണ്‍സാലോ മോന്റിയല്‍. ഈ കിക്ക് ലക്ഷ്യത്തിലെത്തിയാല്‍ അർജന്റീന ലോകകിരീടത്തിനു അവകാശികളാകും. ലൗട്ടാറോ മാർട്ടിനെസിനും നിക്കോളാസ് ഒറ്റമെൻഡിക്കും നടുവില്‍ മെസി നില്‍പ്പുണ്ട്. മോന്റിയലിന്റെ കിക്ക് ലക്ഷ്യം കാണുന്നതും ഒറ്റമെൻഡിയും മാർട്ടിനെസും അടക്കമുള്ള താരങ്ങള്‍ വിജയം ആഘോഷിക്കാൻ മോന്റിയലിന്റെ അടുത്തേക്ക് ഓടി. മെസി ഒറ്റയ്ക്കായി. കൈകള്‍ രണ്ടും വിരിച്ചുപിടിച്ച് അയാള്‍ മൈതാനത്ത് മുട്ടുകുത്തി... ഒരു ക്രൂശിത രൂപം പോലെ ! സന്തോഷം കൊണ്ട് ആർത്തലച്ച് കരഞ്ഞു. പ്രിയപ്പെട്ട നായകന്റെ അരികിലേക്ക് ആദ്യം പരേഡസ് ഓടിയെത്തി, പിന്നാലെ അക്യുന, ഒറ്റമെൻഡി... അങ്ങനെ മിശിഹായ്ക്ക് ചുറ്റിലും പ്രിയപ്പെട്ട ശിഷ്യൻമാർ ചേർന്നിരിക്കുന്നതുപോലെ മെസിക്ക് ചുറ്റും അവന്റെ അനുചരൻമാർ ഒത്തുകൂടി, വേദപുസ്തകത്തിലെ പുതിയ നിയമം, മിശിഹാ ചരിത്രം പൂർണമാക്കപ്പെട്ട നിമിഷം !
യന്ത്രമനുഷ്യർ അളന്നുമുറിച്ച് പന്ത് തട്ടുന്ന നൂറ്റാണ്ട് നമ്മളാരും കണ്ടെന്നുവരില്ല, എന്നാല്‍ അതിനേക്കാള്‍ കൃത്യതയില്‍ പന്തുമായി ഇരമ്പിയാർക്കുന്ന ലയണല്‍ മെസിയെന്ന മാന്ത്രികനെ ആവോളം ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ മികച്ചതൊന്നും ഇനി മൈതാനത്ത് നിങ്ങള്‍ കാണാൻ പോകുന്നില്ലെന്ന് വരുംതലമുറയോട് വീരസ്യം പറയാനുള്ളതെല്ലാം അയാള്‍ ആടിതിമിർത്തുണ്ട്..! നന്ദി ലിയോ, കാല്‍പ്പന്ത് കളിയില്‍ അതിരുകളില്ലാത്ത ആകാശമായതിന്, ഞങ്ങളെ വിസ്മയിപ്പിച്ചതിന്, ഞങ്ങള്‍ക്ക് പ്രത്യാശയായതിന്, ദൈവമാകാതെ മനുഷ്യനായി പിറന്നതിന്...! അണ്ണൻ ഗില്ലി ഡാ... പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് ടിവികെ, രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

