Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച്‌ കൊലപ്പെടുത്തി

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച്‌ കൊലപ്പെടുത്തി

വിദ്യാർഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച്‌ ധനമന്ത്രി

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍

വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേടില്‍ നാലുപേര്‍ അറസ്റ്റില്‍

അധ്യാപികയെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലെ സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ സന്ധ്യ(26)യാണ് കൊല്ലപ്പെട്ടത്. പ്രതി കോട്ട് വില്ലേജ് സ്വദേശി അമിത്തിനെ (21) മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

രണ്ട് വര്‍ഷത്തോളമായി സന്ധ്യയുടെ പിന്നാലെ നടന്ന് അമിത് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പേര് പറഞ്ഞ് കബളിപ്പിച്ച്‌ വിദ്യാലയത്തിന്റെ കവാടത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇയാള്‍ സന്ധ്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുപതിലധികം തവണ കുത്തിയതായാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

കുറച്ചുനാളുകള്‍ക്ക് മുമ്പ് അമിത്തുമായി സംസാരിക്കുന്നത് സന്ധ്യ പൂര്‍ണമായും നിര്‍ത്തിയിരുന്നു. ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനുപിന്നാലെയാണ് ഇയാള്‍ സ്‌കൂളിലെത്തി സന്ധ്യയെ വകവരുത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ മുഖം തുണികൊണ്ട് ഭാഗികമായി മറച്ചാണ് അമിത് സ്‌കൂളിലെത്തിയത്.

ജീവനക്കാരോട് സന്ധ്യയെ കാണാന്‍ 'വിക്കി' വന്നിട്ടുണ്ടെന്നു(സന്ധ്യയുടെ ഭര്‍ത്താവ് വികാസ്) പറഞ്ഞ് അധ്യാപികയെ ക്ലാസില്‍നിന്നു പുറത്തെത്തിച്ചു. ക്ലാസില്‍നിന്ന് ഇറങ്ങിയ ഉടന്‍ സന്ധ്യയെ അമിത് ബലംപ്രയോഗിച്ച്‌ പുറത്തെ ഇടനാഴിയിലേക്ക് വലിച്ചിഴയ്ക്കുന്നതും കത്തികൊണ്ട് തുടരെ കുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സ്‌കൂള്‍ അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍വെച്ചാണ് ഈ ആക്രമണം നടന്നത്. കത്തി വളയുന്നതുവരെ അധ്യാപികയെ കുത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സഹായത്തിനായി നിലവിളിച്ച സന്ധ്യയെ അയാള്‍ മര്‍ദ്ദിച്ചു. കഴുത്തിലും വയറിലും കുത്തിയ അമിത്, സന്ധ്യ നിലത്തു വീണിട്ടും ആക്രമണം തുടര്‍ന്നു.

സന്ധ്യയുടെ നിലവിളി കേട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തേജ്പാല്‍ ഇടനാഴിയിലേക്ക് ഓടിയെത്തിയെങ്കിലും, പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സന്ധ്യ മരിച്ചിരുന്നു. 'സ്‌കൂളിനുള്ളില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു, സന്ധ്യ ക്ലാസ്സെടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പേര് പറഞ്ഞാണ് അയാള്‍ അവളെ പുറത്തേക്ക് വിളിച്ചത്. ഉടനെ അയാള്‍ അവളെ ആക്രമിച്ചു. 20 തവണയിലധികം അയാള്‍ അവളെ കുത്തി. ഞാന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞങ്ങള്‍ അവളെ അല്‍ഫല മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോള്‍ മരണം സ്ഥിരീകരിച്ചു.' പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഭയന്നുപോയ കുട്ടികളെ അധ്യാപകര്‍ പെട്ടെന്ന് തന്നെ ക്ലാസ് മുറികളിലേക്ക് മാറ്റി. വിവരമറിഞ്ഞതോടെ രക്ഷിതാക്കളും സ്‌കൂളിലേക്ക് എത്തിത്തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
13 സെക്കന്‍ഡിനുള്ളില്‍ 20 തവണയോളം പ്രതി സന്ധ്യയെ കുത്തിയതായാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ പരിക്കുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ. വിദ്യാലയത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുത്തു.

ആന്റി വെഹിക്കിള്‍ തെഫ്റ്റ് സ്‌ക്വാഡും സിക്കോണ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘവും ചേര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ അമിത്തിനെ കണ്ടെത്തിയതായി പോലീസ് വക്താവ് യശ്പാല്‍ യാദവ് അറിയിച്ചു. 'ചോദ്യം ചെയ്യലില്‍, സന്ധ്യ പഠിപ്പിച്ചിരുന്ന തന്റെ ഗ്രാമത്തിലെ സ്‌കൂളില്‍വെച്ചാണ് അവളെ പരിചയം എന്നാണ് പ്രതി പറഞ്ഞത്. പിന്നീട് അവള്‍ സംസാരിക്കുന്നത് നിര്‍ത്തുകയും പുറകെ നടന്ന് ശല്യം ചെയ്യുന്നത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു എന്നും പ്രതി പറഞ്ഞു.' യാദവ് പറഞ്ഞു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഏകദേശം രണ്ട് മാസം മുമ്പ് അമിത് വാങ്ങിയതാണെന്നും അന്നുമുതല്‍ തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. മോട്ടോര്‍ സൈക്കിളിലാണ് അമിത് സ്‌കൂളിലെത്തിയത്. സന്ധ്യയുടേയും വികാസിന്റേയും പ്രണയവിവാഹമായിരുന്നു. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള മകനും മൂന്ന് വയസ്സുള്ള മകളുമുണ്ട്. സന്ധ്യയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ സെക്ടര്‍ 58 പോലീസ് സ്‌റ്റേഷനില്‍ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new