യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമായ 118 സീറ്റുകളിലേക്ക് വിജയിയുടെ ടിവികെ കുതിച്ചെത്തുന്നത് യാദൃശ്ചികമായുണ്ടായ ഒരു രാഷ്ട്രീയ തരംഗമല്ല മറിച്ച്, വര്‍ഷങ്ങളായുള്ള ആസൂത്രണത്തിലൂടെ അടിത്തറ പാകി വിജയ് കെട്ടിപ്പടുത്ത ഒരു സംവിധാനത്തിന്റെ ഫലമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഡിഎംകെ സഖ്യത്തെ 75ലേക്കും എഐഎഡിഎംകെയെ 52ലേക്കും ചുരുക്കി വിജയ് നടത്തിയ ഈ രാഷ്ട്രീയ വിപ്ലവത്തിന് പിന്നില്‍ ആറ് പ്രധാന ഘട്ടങ്ങളാണുള്ളത്.
ഒന്നാം ഘട്ടം: ഫാന്‍സ് ക്ലബ്ബുകളില്‍ നിന്ന് സേവന ശൃംഖലയിലേക്ക്
ആരാധകരെ വെറും സിനിമ പ്രേമികളായി കാണാതെ വലിയൊരു സംഘടനാ സംവിധാനമായി മാറ്റുകയായിരുന്നു വിജയ്. തമിഴ്‌നാട്ടിലുടനീളമുള്ള 'രസികര്‍ മണ്‍റങ്ങള്‍' വഴി രക്തദാന ക്യാമ്പുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടത്തിവന്നു. ഇതോടെ വോട്ടര്‍മാരുമായി നേരിട്ടുള്ള ബന്ധം തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ വിജയ് ഉറപ്പിച്ചു.
രണ്ടാം ഘട്ടം: 2021ലെ രഹസ്യ പരീക്ഷണം
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്‍പ് 2021ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയ് തന്റെ കരുത്ത് പരീക്ഷിച്ചിരുന്നു. മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ സ്വതന്ത്രരായി മത്സരിച്ചു. 169 പേര്‍ മത്സരിച്ചതില്‍ 115 പേരും വിജയിച്ചു. ഒരു പാര്‍ട്ടി ചിഹ്നമില്ലാതെ തന്നെ ജനങ്ങള്‍ തങ്ങളെ സ്വീകരിക്കുമെന്ന് തെളിയിച്ച സുപ്രധാന ഘട്ടമായിരുന്നു ഇത്.
മൂന്നാം ഘട്ടം: മികച്ച രീതിയിലുള്ള സംഘാടനം
വെറും ആവേശം മാത്രം പോരാ, രാഷ്ട്രീയത്തിന് അച്ചടക്കം വേണമെന്നും വിജയ് തീരുമാനിച്ചിരുന്നു . കോര്‍പ്പറേറ്റ് രീതിയിലുള്ള അഭിമുഖങ്ങളിലൂടെയും പശ്ചാത്തല പരിശോധനയിലൂടെയുമാണ് വാര്‍ഡ് ഇന്‍ചാര്‍ജര്‍മാരെയും ബൂത്ത് ഏജന്റുമാരെയും തിരഞ്ഞെടുത്തിരുന്നത്. ഇത് പാര്‍ട്ടിക്കുള്ളില്‍ കൃത്യമായ ഒരു അധികാരശ്രേണി സൃഷ്ടിച്ചു.
നാലാം ഘട്ടം: 'വിസില്‍' ചിഹ്നവും ജനകീയ പ്രചാരണവും
പാര്‍ട്ടിയുടെ ചിഹ്നമായ വിസില്‍ അതിവേഗം ജനങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ചു. വീടുകള്‍ക്ക് മുന്നില്‍ വിസില്‍ ആകൃതിയിലുള്ള കോലങ്ങള്‍ വരച്ചുകൊണ്ട് സ്ത്രീകള്‍ പിന്തുണ അറിയിച്ചു. സിനിമാ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന അതേ തന്ത്രങ്ങള്‍ രാഷ്ട്രീയത്തിലും ഫലപ്രദമായി നടപ്പിലാക്കി.

